രണ്ടര മാസത്തിനിടെ ആലപ്പുഴയിൽ പിടിച്ചെടുത്തത്‌ നാലര കോടിയുടെ അനധികൃത സ്വർണം

പ്രതീകാത്മക ചിത്രം


ആലപ്പുഴ > കഴിഞ്ഞ രണ്ടര മാസത്തിനിടെ ചരക്കു സേവന നികുതിവകുപ്പ്‌ ഇന്റലിജൻസ്‌ വിഭാഗം ആലപ്പുഴയിൽ പിടിച്ചെടുത്തത്‌ രേഖകളില്ലാതെ കൊണ്ടുവന്ന 4.56 കോടി രൂപയുടെ സ്വർണം. ഇന്റലിജൻസിന്റെ മൂന്നു സ്‌ക്വാഡുകൾ നടത്തിയ 13 റെയ്‌ഡുകളിലാണ്‌ 9.81 കിലോ സ്വർണം പിടികൂടി കേസെടുത്ത്‌ പിഴ ചുമത്തിയത്‌. മഹാരാഷ്‌ട്ര, തൃശൂർ എന്നിവിടങ്ങളിൽ നിന്ന്‌ ആഭരണങ്ങളാക്കി കൊണ്ടുവന്നതാണ്‌ സ്വർണമെന്ന്‌ ഇന്റലിജൻസ്‌ ഡെപ്യൂട്ടി കമീഷണർ വി അജിത്ത്‌ അറിയിച്ചു. ജില്ലയിലെ വിവിധ സ്വർണ വ്യാപാരികൾക്ക്‌ വേണ്ടിയുള്ളതായിരുന്നു സ്വർണം. റെയിൽ, റോഡ്‌ മാർഗങ്ങളിലൂടെയാണ്‌  ഇവ കടത്താൻ ശ്രമിച്ചത്‌. സ്വർണ നികുതിവെട്ടിപ്പ്‌ വ്യാപകമാകുന്ന സാഹചര്യത്തിലാണ്‌ പരിശോധന കർശനമാക്കിയത്‌. ഇന്റലിജൻസ്‌ സ്‌ക്വാഡ്‌ ഒന്ന്‌ നടത്തിയ നാലു പരിശോധനകളിൽ  4.37 കിലോ സ്വർണം പിടിച്ചു. ഇതിന്‌ 2.17 കോടി വിലവിരും. കേസെടത്തതിനു പുറമേ  11.18 ലക്ഷം രൂപ പിഴ ചുമത്തി. സ്‌ക്വാഡ്‌ രണ്ട്‌ ഏഴ്‌ പരിശോധനകളിലായി 1.82 കോടിയുടെ 3.93 കിലോ സ്വർണം കണ്ടെടുത്തു. 10.88 ലക്ഷം രൂപ പിഴ ചുമത്തി. സ്‌ക്വാഡ്‌ മൂന്ന്‌ 57.45 ലക്ഷത്തിന്റെ 1.14 കിലോ സ്വർണം പിടിച്ചു. 3.54 ലക്ഷം പിഴ ഇടാക്കി. പരിശോധനയിൽ ഡെപ്യൂട്ടി കമീഷണർക്ക്‌ പുറമേ ഉദ്യോഗസ്ഥരായ ബി മുഹമ്മദ്‌ ഫൈസൽ, ജെ ഉദയകുമാർ, ടി കെ സനൽകുമാർ, കെ രാജേന്ദ്രൻ, എ ഇ അഗസ്റ്റിൻ, എ സലീം, പി സ്‌മിത, പി എൻ ഷബ്‌ന, എസ്‌ സുപ്രിയ, ആർ പ്രമോദ്‌, ഡി രാജേഷ്‌, യു എസ്‌ രാജേഷ്‌, ആർ രത്‌നലാൽ, ടി ജിജോമോൻ, ജോർജ്‌ ജോസഫ്‌, സജീവൻ, സുജിത്‌ ഹരിദാസ്‌ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News