സ്വഭാവദൂഷ്യമെന്ന് പ്രചരിപ്പിച്ചു; നിരന്തരം സൈബര്‍ ആക്രമണം; ലീഗ് നേതൃത്വം മറുപടി പറയണം: ഹരിത മുന്‍ നേതാക്കള്‍

ഹരിത മുൻ ഭാരവാഹികൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നും. ഫോട്ടോ: ബിനുരാജ്‌


കോഴിക്കോട്‌ > എംഎസ്‌എഫ്‌ നേതാക്കൾ നടത്തിയത്‌ ലൈംഗീകാധിക്ഷേപം തന്നെയാണെന്ന്‌ ആവർത്തിച്ച്‌ ‘ഹരിത’ മുൻ ഭാരവാഹികൾ. പെൺകുട്ടികൾ നേരിടേണ്ടിവന്ന അപമാനത്തിന്‌ മുസ്ലിംലീഗ്‌ സംസ്ഥാന നേതൃത്വം മറുപടി പറയണം. പാർടിയ്‌ക്ക്‌ പരാതി നൽകി 50 ദിവസം കഴിഞ്ഞാണ്‌ വനിതാ കമീഷനിൽ പരാതി നൽകിയത്‌. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കൾക്ക്‌ പരാതി നൽകി. ഇതിനിടയിൽ മാനസികമായി ഒരുപാട്‌ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു. നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നെന്നും ഹരിത മുൻ ഭാരവാഹികൾ കോഴിക്കോട്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌മ തബ്‌ഷീറ, മുൻ പ്രസിഡന്റ്‌ മുഫീദ തെസ്‌നി, മുൻ ജോയിന്റ്‌ സെക്രട്ടറി മിന ജലീൽ, മുൻ വൈസ്‌ പ്രസിഡന്റ്‌ ഫസീല എന്നിവരാണ്‌ മാധ്യമങ്ങളെ കണ്ടത്‌. ഹരിതയുടെ പെൺകുട്ടികളെ കുറിച്ച് മോശമായ ക്യാമ്പയിൻ നടത്തി. ഹരിതയുടെ പെൺകുട്ടികൾ പ്രസവിക്കാൻ ഇഷ്‌ടപെടത്തവരാണ്‌, മെൻട്രൽ കപ്പിനെ കുറിച്ചുള്ള ക്യാമ്പയിൻ നടത്തി സമുദായത്തിന്‌ നാണക്കേടുണ്ടാക്കി എന്നെല്ലാമായിരുന്നു ആരോപണങ്ങളെന്നും ഹരിത മുൻ നേതാക്കൾ പറഞ്ഞു.  ‘ഹരിതയുടെ പെൺകുട്ടികളെ നയിക്കുന്നത്‌ ഒരു സൈബർ ഗുണ്ടയാണെന്ന്‌’ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌ സംസ്ഥാന വർക്കിങ്‌ കമ്മിറ്റി യോഗത്തിൽ പറഞ്ഞിരുന്നു. എങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. ഹരിതയിലെ പല പെൺകുട്ടികളുടെയും വീഡിയോകളും ചിത്രങ്ങളും അയാളുടെ കൈയിലുണ്ടെന്നും അയാൾക്കെതിരെ നടപടിയെടുത്താൽ വീഡിയോകൾ അയാൾ പ്രചരിപ്പിക്കുമെന്നുമാണ്‌ നവാസ്‌ നൽകിയ മറുപടി. ഹരിതയിലെ പല പെൺകുട്ടികളും ആത്മഹത്യചെയ്യേണ്ടി വരുമെന്നും വേശ്യയ്‌ക്കും ന്യായീകരണമുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞു’. ‐ ഹരിത മുൻ ഭാരവാഹികൾ വെളിപ്പെടുത്തി. ഹരിത ലീഗിന്‌ നൽകിയ പരാതിയിൽ ഈ കാര്യങ്ങളെല്ലാം ഉൾപ്പെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി രണ്ട്‌ യോഗങ്ങൾ നടന്നു. രണ്ടിലും പരിഹാരമുണ്ടായില്ല. നീതിവേണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ തീരുമാനിച്ച്‌ അറിയിക്കാം എന്നാണ്‌ ലീഗ്‌ നേതൃത്വം പറഞ്ഞത്‌.  പരാതി നൽകിയവരെ വീണ്ടും കുറ്റക്കാരാക്കുന്ന നടപടികളാണ്‌ നേതൃത്വത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. സ്‌ത്രീത്വത്തെ മുറിവേൽപ്പിക്കുന്ന പ്രചരണം നടത്തിയതിനോട്‌ പൊരുത്തപ്പെടാനാവില്ലെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News