5 മാസത്തിൽ വരുമാനം
9.62 കോടി ; ഭക്ഷ്യസുരക്ഷാ വകുപ്പിന്‌ റെക്കോഡ്‌

image credit foodsafety.kerala.gov.in


തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോഡ്‌. ഏപ്രിൽ ഒന്നുമുതൽ ആഗസ്ത്‌ 31വരെ 9.62 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്‌. ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്‌ട്രേഷൻ ഫീ ഇനത്തിൽ 7.71 കോടി രൂപ, ഫൈൻ വഴി 78.59 ലക്ഷം രൂപ, നിയമപരമായ തീർപ്പിലൂടെയുള്ള ഫൈൻ വഴി 51.51 ലക്ഷം രൂപ, കോടതി മുഖേനയുള്ളതിൽ 3.28 ലക്ഷം രൂപ, സാമ്പിൾ പരിശോധന ഫീസായി 58.09 ലക്ഷം രൂപയുമാണ് ലഭ്യമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച്‌ മാസംകൊണ്ട് നികുതിയിതര വരുമാനത്തിൽ ഇരട്ടിയിലധികം തുകയാണ് ലഭിച്ചത്. ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതാണ് ഇതിന് കാരണമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താനായി ആവിഷ്‌കരിച്ച "നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിൻ വൻവിജയമായിരുന്നു. ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പാക്കി. ഷവർമ നിർമാണത്തിന് മാർഗനിർദേശം പുറത്തിറക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പാക്കി. സംസ്ഥാനത്ത് സഞ്ചരിക്കുന്ന പുതിയ ആറ്‌ ഭക്ഷ്യ പരിശോധനാ ലബോറട്ടറി സജ്ജമാക്കി. ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ സംസ്ഥാനത്തിന്‌ രണ്ടാംസ്ഥാനം ലഭിച്ചു. ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചു. Read on deshabhimani.com

Related News