കുഞ്ഞിക്കൈകളിലേക്ക്‌ സര്‍ക്കാരിന്റെ കരുതൽപ്പൊതികൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യക്കിറ്റ് വിതരണം രണ്ടാംഘട്ടം തുടങ്ങി

സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്‌കൂളിൽ ഇറക്കുന്നു


 കരുനാഗപ്പള്ളി > കോവിഡ്‌ പ്രതിസന്ധിക്കിടയിലും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഭക്ഷ്യസുരക്ഷയെ കുറിച്ച്‌ നിറഞ്ഞ കരുതലുണ്ട്‌ സർക്കാരിന്‌. സ്കൂൾ തുറന്നില്ലെങ്കിലും ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ്‌ കുഞ്ഞിക്കൈകളിലേക്ക്‌ കൃത്യമായി എത്തുന്നു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട വിദ്യാർഥികൾക്കുള്ള‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ രണ്ടാംഘട്ടമാണ്‌ തുടങ്ങിയത്‌.   ചെറുപയർ, കടല, ഉഴുന്ന്, തുവര, സസ്യ എണ്ണ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, അരി എന്നിവയും തുണി സഞ്ചിയും ഉൾപ്പെടെ 10 ഐറ്റങ്ങളാണ്‌ കിറ്റിലുള്ളത്‌. പ്രീ പ്രൈമറി–-രണ്ടുകിലോ, എൽപി–-ഏഴുകിലോ, യുപി–-10 കിലോ എന്നിങ്ങനെയാണ്‌ അരി നൽകുന്നത്. കുട്ടികൾക്ക് മൂന്നു ഘട്ടങ്ങളിലായി ഭക്ഷ്യധാന്യക്കിറ്റ് നൽകാനാണ്‌ സർക്കാർ തീരുമാനിച്ചത്. ഏപ്രിൽ, മെയ്, ജൂൺ  മാസങ്ങളിലെ ഒന്നാംഘട്ട വിതരണം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാംഘട്ട വിതരണം പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ മൂന്നാംഘട്ട വിതരണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സപ്ലൈകോ.    കരുനാഗപ്പള്ളി താലൂക്കിൽ  44,479 കിറ്റുകളാണ് വിതരണംചെയ്യുന്നതെന്ന് സപ്ലൈകോ ഡിപ്പോ മനേജർ വി പി ലീലാകൃഷ്ണൻ പറഞ്ഞു. പ്രീ പ്രൈമറി, എൽപി വിഭാഗങ്ങളുടെ കിറ്റുകൾ സ്കൂളുകളിൽ വിതരണംചെയ്തു കഴിഞ്ഞു. യുപി വിഭാഗത്തിന്റേത്‌ ഏതാനും ദിവസത്തിനകം  പൂർത്തിയാകും.സ്കൂൾ അധികൃതരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് കിറ്റുകൾ എത്തിക്കുന്നത്. Read on deshabhimani.com

Related News