തുറക്കാം പ്രളയരക്ഷാവാതിൽ



തിരുവനന്തപുരം> ഈ വാതിൽ അടച്ചാൽ തുള്ളിവെള്ളം അകത്തേക്ക് കടക്കില്ല. ചാലക്കുടിയിൽ കരുതലുമായി പ്രളയരക്ഷാവാതിൽ ഒരുങ്ങി. മഹാപ്രളയത്തിലെ  ശുചീകരണത്തിൽ വളണ്ടിയറായ ചാലക്കുടി കലിക്കൽക്കുന്ന് കുണ്ടോളി വീട്ടിൽ കൃഷ്‌ണകുമാറാണ് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം കയറാത്ത വാതിൽ വികസിപ്പിച്ചത്. സേഫ്റ്റിടാങ്ക് വഴി വീടിനകത്തേക്ക് മലിനജലം കയറാതിരിക്കാൻ ലോക്ക്സിസ്റ്റവുമുണ്ട്‌.  ഒന്നരവർഷമായി മനസ്സിൽ രൂപംകൊണ്ട പ്രളയ ലോക്ക് സിസ്റ്റം ലോക്ഡൗൺ കാലത്താണ്‌‌ പൂർത്തിയാക്കിയത്‌. 80 ശതമാനം  സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച വാതിൽ നിലവിലുള്ള വാതിലിന്റെ മുൻഭാഗത്തോ പിൻഭാഗത്തോ നിമിഷങ്ങൾക്കകം ഘടിപ്പിക്കാം. ജനലുകൾക്കായും ഇതേ മാതൃക വികസിപ്പിച്ചു. സ്റ്റൈയിൻലെസ് സ്റ്റീലായതിനാൽ വർഷങ്ങളോളം നിലനിൽക്കും. നാലുലിവർ ഉപയോഗിച്ച്  വീട്ടുകാർക്ക്‌ തന്നെ ഇത്‌ ഘടിപ്പിക്കാനാവുമെന്ന് കൃഷ്‌ണകുമാർ പറഞ്ഞു. ആവശ്യസമയത്തുമാത്രം പിടിപ്പിച്ചാൽ മതി. ഒരു വാതിൽ നിർമിക്കാൻ 20,000 രൂപ  ചെലവായി. വെള്ളംകയറുന്ന അളവനുസരിച്ച് വാതിലിന്റെ പകുതി ഭാഗത്തുമാത്രമാക്കി സ്ഥിരമായും ഘടിപ്പിക്കാം. അതിന്‌ ചെലവ്‌ കുറയും. വീട്ടുപറമ്പിലേക്ക് വെള്ളം കയറാത്തവിധം ചുറ്റിലും ഘടിപ്പിക്കാവുന്ന  മാതൃകയുമുണ്ട്. കണ്ടെത്തലിന് പേറ്റന്റുൾപ്പെടെ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചാൽ ചെലവ് കുറയും. വീടിനോട് ചേർന്ന് ചെറിയ കെട്ടിടം നിർമിച്ച് അകത്ത് ഒരു മീറ്റർ ഉയരത്തിൽ വെള്ളം കെട്ടി നിർത്തിയശേഷം വാതിൽ മാതൃകയായി ഘടിപ്പിച്ചിട്ടുണ്ട്. ഒന്നരമാസമായിട്ടും തുള്ളിവെള്ളം പുറത്തുപോയിട്ടില്ല. മഴക്കാലത്ത് സേഫ്റ്റിടാങ്ക് വഴി വീടിനകത്തേക്ക് മലിനജലം കയറാറുണ്ട്.  പ്രധാന പൈപ്പിൽ ലോക്ക്സിസ്റ്റം ഏർപ്പെടുത്തിയാൽ ഇതിനു പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News