കുമളിയിൽ എംഡിഎംഎയുമായി അഞ്ച്‌ പേർ പിടിയിൽ

എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായവർ


കുമളി > നിരോധിത ലഹരി വസ്‌തുവായ എംഡിഎംഎ കടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ വണ്ടിപ്പെരിയാർ എക്‌‌സൈസ്‌ സംഘം പിടികൂടി. കുമളി അതിർത്തി ചെക്ക്‌പോസ്റ്റിൽ നിർത്താതെ പോയ വാഹനം സാഹസികമായാണ്‌ വണ്ടിപ്പെരിയാറിനു സമീപത്തുനിന്ന്‌ പിടികൂടിയത്‌. തിരുവനന്തപുരം  കവടിയാർ പാലസിൽ മഴുവൻചേരിൽ വീട്ടിൽ വിജിൻ (29), കുടപ്പനക്കുന്ന് ചൂഴംപാലകരയിൽ എസ്‌ജെ ഭവനിൽ നിധീഷ് (28), കവടിയാർ അമ്പാടി വീട്ടിൽ കിരൺ (29),  കുറവൻകോണം ലളിത മന്ദിത്തിൽ പ്രശോഭ് പ്രേം (27), വലിയതുറ കൊച്ചുതേപ്പ് സൗമ്യഭവനിൽ ഡൈന (22) എന്നിവരാണ് മാരകമായ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ പിടിയിലായത്‌. തിങ്കളാഴ്‌ച പകൽ മൂന്നരയോടെയാണ്‌ തമിഴ്‌നാട്ടിൽനിന്ന്‌ ഇവരെത്തിയ കെഎൽ-1 സിജെ 484-ാം നമ്പർ സ്വിഫ്‌റ്റ്‌ കാർ അതിർത്തി എക്‌സൈസ്‌ ചെക്ക്‌പോസ്റ്റിലെ പരിശോധനയിൽ കൈകാണിച്ചിട്ടും നിർത്താതെ പോയത്‌. ഈ ദൃശ്യങ്ങൾ സമീപത്തുള്ള പൊലീസിന്റെയും മറ്റും സിസിടിവിയിൽ പതിഞ്ഞു. എക്‌സൈസ്‌ സംഘം പിന്തുടർന്നതിനെ തുടർന്ന്‌ സ്വിഫ്‌റ്റ്‌ കാർ ദേശീയപാതയിൽ വണ്ടിപ്പെരിയാറിനും ചോറ്റുപാറയ്‌ക്കുമിടയിൽ അറുപത്തിമൂന്നാംമൈൽ പെട്രോൾ പമ്പിനുള്ളിൽ ഇടിച്ചുകയറി തറയിൽ കേടുപാട് ഉണ്ടാക്കി. കാറിന്റെ ടയർ പൊട്ടുകയും ചെയ്‌തു. തുടർന്നും ഓടിച്ചുപോയ കാർ ദേശീയപാതയിൽ വിലങ്ങിയശേഷം വാഹനത്തിൽ നടത്തിയ പരിശോധനയിലാണ്‌ രണ്ടരഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തത്‌. പീരുമേട്‌ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ബിനീഷ് സുകുമാരൻ, പ്രിവന്റീവ് ഓഫീസർമാരായ സി പി കൃഷ്ണകുമാർ, പി ഡി സേവ്യർ, ബി രാജ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രമോദ്, ദീപുകുമാർ, ശശികല എന്നിവർ ചേർന്നാണ് വാഹനവും പ്രതികളെയും പിടികൂടിയത്‌. Read on deshabhimani.com

Related News