ലീഗ്‌ നടപടി, ഫാതിമ തെഹ്‌ലിയ പുറത്ത്‌ ; കൂടുതൽ അച്ചടക്ക നടപടിക്ക്‌ സാധ്യത



കോഴിക്കോട്‌ ഹരിതയെ പിന്തുണച്ച എംഎസ്‌എഫ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ ഫാതിമ തെഹ്‌ലിയക്കെതിരെ മുസ്ലിംലീഗ്‌ നടപടി. ഫാതിമയെ വൈസ്‌ പ്രസിഡന്റ്‌  പദവിയിൽ നിന്ന്‌ പുറത്താക്കി. ലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫ. കെ എം ഖാദർ മൊയ്‌തീനാണ്‌ നടപടി പ്രഖ്യാപിച്ചത്‌. അച്ചടക്കം ലംഘിച്ചെന്ന പേരിലാണ്‌ പുറത്താക്കൽ. എംഎസ്‌എഫ്‌ നേതാവിന്റെ ലൈംഗികാധിക്ഷേപത്തിൽ വനിതാ കമീഷന്‌ പരാതി നൽകിയ ഹരിത പ്രവർത്തകരെ പിന്തുണച്ചതാണ്‌ ഫാതിമയുടെ കുറ്റം.  സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കബീർ മുതുവനപറമ്പ്‌,  ജനറൽ സെക്രട്ടറി വി എ വഹാബ്‌ എന്നിവർക്കെതിരെ 10 പെൺകുട്ടികളായിരുന്നു പരാതിക്കാർ. ഇവരെ അനുകൂലിച്ച്‌ ഫാതിമ തെഹ്‌ലിയ കോഴിക്കോട്ട്‌ വാർത്താസമ്മേളനം നടത്തിയതോടെയാണ്‌ നേതൃത്വത്തിന്റെ കണ്ണിലെ കരടായത്‌.  ഹരിതയുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ഫാതിമ. നടപടി അറിയില്ല: ഫാതിമ എംഎസ്‌എഫ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയതിനെക്കുറിച്ച്‌ തനിക്ക്‌ അറിവില്ലെന്ന്‌ ഫാതിമ തെഹ്‌ലിയ പറഞ്ഞു. മാധ്യമ വാർത്തകളിലൂടെയാണ്‌ അച്ചടക്ക നടപടി അറിഞ്ഞത്‌. പാർടി നേതൃത്വത്തിൽ നിന്ന്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതിനാൽ പ്രതികരിക്കാനില്ലെന്നും ഫാതിമ പറഞ്ഞു. കൂടുതൽ അച്ചടക്ക *നടപടിക്ക്‌ സാധ്യത ഹരിത വിഷയത്തിൽ കൂടുതൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക്‌ സാധ്യത. എംഎസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ലതീഫ്‌ തുറയൂരാണ്‌ നടപടി ഭീഷണി നേരിടുന്ന പ്രധാനി. അഖിലേന്ത്യാ പ്രസിഡന്റ്‌ ടി പി അഷറഫലിയും നോട്ടപ്പുള്ളിയാണ്‌. ഹരിതയിലെ പരാതിക്കാരെ പിന്തുണച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പി ഷൈജൽ, ഹരിത മുൻ സംസ്ഥാന പ്രസിഡന്റ്‌ മുഫീദ തസ്‌നി, ജനറൽ സെക്രട്ടറി മിന ജലീൽ എന്നിവരും നേതൃത്വത്തിന്റെ കണ്ണിലെ കരടായിട്ടുണ്ട്‌. ഹരിത വിവാദം അവസാനിച്ചെന്ന്‌ പി എം എ സലാം മുസ്ലിംലീഗിനെ സംബന്ധിച്ച് ഹരിത വിവാദം അവസാനിച്ചെന്ന്‌ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം. ഒറ്റപ്പെട്ട രാജി മറ്റു ലക്ഷ്യങ്ങളോടെയാണ്‌. ഹരിതയുടെ പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് കൂടിയാലോചനയ്‌ക്കുശേഷമാണ്‌. സമവായത്തിന്‌ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിച്ചില്ലെന്ന്‌ എംഎസ്‌എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലൈംഗികാധിക്ഷേപത്തിന്‌ ഇരകളായ മുൻ ഹരിത നേതാക്കൾക്ക്‌ നീതി ലഭിച്ചില്ലെന്ന്‌ എംഎസ്‌എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പി ഷൈജൽ പറഞ്ഞു.  നീതിയ്‌ക്കായി ശബ്‌ദമുയർത്തുന്നവരെ ടാർജറ്റ്‌ ചെയ്‌ത്‌ നേതൃത്വം ആക്രമിക്കുകയാണെന്നും കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട്‌ ഷൈജൽ വ്യക്തമാക്കി.   കൂടിയാലോചിക്കാതെയാണ്‌ ഹരിത ഭാരവാഹികളെ നിശ്ചയിച്ചത്‌. പാർടിക്കകത്ത്‌ ന്യായം പറഞ്ഞവർക്കെതിരെ ഗൂഢാലോചന നടത്തി നടപടിയെടുക്കാനാണ്‌ നീക്കം. ഇതിനു പിന്നിൽ ആരോപണവിധേയനായ മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൾ വഹാബാണ്‌. പാർടിയുടെ ഔദ്യോഗിക  ഗ്രൂപ്പുകളിലിടുന്ന ശബ്ദരേഖ പോലും പുറത്തുവിടുന്നു. ഹരിത വിഷയത്തിൽ മുസ്ലിംലീഗ് നേതൃത്വത്തിലും കടുത്ത ഭിന്നതയുണ്ട്‌.  പ്രതികരിക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം നീതിരാഹിത്യമാണെന്നും ഷെെജൽ പറഞ്ഞു. Read on deshabhimani.com

Related News