മധ്യസ്ഥൻ ജീവനക്കാരെ ബന്ദിയാക്കി മർദിച്ചത്‌ ഖമറുദ്ദീനെ രക്ഷിക്കാൻ ; പറയുന്നത്‌ അനുസരിച്ചില്ലെങ്കിൽ പുറംലോകം കാണില്ലെന്ന്‌ ഭീഷണി



തൃക്കരിപ്പൂർ ‘ജ്വല്ലറിയുടെ പതനത്തിന് കാരണം ജീവനക്കാരാണ്‌. ഖമറുദ്ദീൻ എംഎൽഎ ഒന്നിലും ഇടപെടാറില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ ഇങ്ങനെ പറയണം’–- ഫാഷൻ ഗോൾഡ്‌ ജ്വല്ലറി തട്ടിപ്പിൽ മുസ്ലിംലീഗ്‌  നേതൃത്വം മധ്യസ്ഥനാക്കിയ ജില്ലാ ട്രഷറർ മാഹിൻഹാജിയും സംഘവും ജ്വല്ലറി ജീവനക്കാരെ എട്ടു മണിക്കൂർ ബന്ദിയാക്കി മർദിച്ച്‌ ആവശ്യപ്പെട്ടത്‌ ഇതാണെന്ന്‌ അവർ സാക്ഷ്യപ്പെടുത്തുന്നു. നിക്ഷേപകരുടെ വിശദാംശങ്ങൾ ശേഖരിച്ച്‌ പണം തിരിച്ചുനൽകാനാണ്‌  മാഹിൻഹാജിയെ മധ്യസ്ഥനാക്കിയത്‌ എന്നാണ്‌ മുസ്‌ലീം ലീഗ്‌ അവകാശപ്പെടുന്നത്‌. എന്നാൽ, ജ്വല്ലറി പൊളിഞ്ഞതിന്റെ ഉത്തരവാദിത്വം ജീവനക്കാരുടെമേൽ കെട്ടിവച്ച്‌ ഖമറുദ്ദീനെ രക്ഷിക്കാനാണ്‌ ഇയാളുടെ ശ്രമം. മാഹിൻഹാജിയുടെ വീട്ടിൽ തിങ്കളാഴ്‌ച ചേർന്ന യോഗത്തിലേക്ക്‌ ജീവനക്കാരെ വിളിച്ചുവരുത്തി മർദ്ദിച്ചത്‌. അക്രമത്തിനിരയായ ഫാഷൻ ഗോൾഡ്‌ മുൻ മാനേജർ സെനുൽ ആബിദും പിആർഒ ടി കെ മുസ്തഫയുമാണ്‌ ഞെട്ടിക്കുന്ന ഈ വിവരം പുറത്തുപറഞ്ഞത്‌. പകൽ 12ന്‌ തുടങ്ങിയ വിചാരണ രാത്രി 12 വരെ നീണ്ടു. മൂന്ന് ബ്രാഞ്ചുകളിലെ ജീവനക്കാരെയാണ് കാര്യങ്ങൾ ചോദിക്കാനെന്ന വ്യാജേന വിളിപ്പിച്ചത്. മാഹിൻ ഹാജിയെ കൂടാതെ മുസ്ലിംലീഗ് നേതാവ് എസ് കെ മുഹമ്മദ്കുഞ്ഞി ഹാജിയും അപരിചിതരായ മൂന്നുപേരും വീട്ടിലുണ്ടായിരുന്നു. ഓരോരുത്തരേയും പ്രത്യേക മുറിയിൽ വിളിപ്പിച്ചായിരുന്നു ചോദ്യംചെയ്യൽ. പുറംലോകം കാണില്ല ഇവിടെനിന്ന്‌ പുറത്തുകടക്കാൻ കഴിയില്ലന്നും പറയുന്നത്‌ അനുസരിച്ചില്ലെങ്കിൽ പുറംലോകം കാണില്ലെന്നുമായിരുന്നു ഭീഷണി. ബാധ്യത തീർക്കാൻ ജീവനക്കാരുടെ വീടും മറ്റ് ആസ്തികളും വിൽക്കണം. ഇതിനായി തയ്യാറാക്കിയ ബോണ്ടിൽ ഒപ്പുവയ്‌ക്കണം. അംഗീകരിച്ചില്ലെങ്കിൽ കേസിൽ കുടുക്കും. ജീവനക്കാരാണ്‌ ജ്വല്ലറിയുടെ തകർച്ചക്ക്‌ കാരണമെന്ന്‌ പറഞ്ഞാൽ ഖമറുദ്ദീൻ രക്ഷപ്പെടും. നിങ്ങളെയും രക്ഷപ്പെടുത്തും. കേസ്‌ ഞങ്ങൾ നോക്കാം–-   ഇതായിരുന്നു മാഹിൻഹാജിയുടെ നിർദേശം.  ഇത് അംഗീകരിക്കാനാവില്ലെന്നറിയിച്ചതോടെയാണ്‌ മർദനം തുടങ്ങിയത്.  പ്രതികരിച്ചപ്പോൾ  മുസ്തഫയെ മുഖത്തടിച്ച് വീഴ്‌ത്തി. പിന്നാലെ, അപരിചിതരായ മൂന്നുപേർ തൂക്കിയെടുത്ത്‌ മറ്റൊരുമുറിയിലേക്ക് കൊണ്ടുപോയി ബോണ്ടിൽ ഒപ്പ് വയ്‌ക്കാനാവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ വീണ്ടും മർദിച്ചു.  നെഞ്ചിന് ചവിട്ടി. വാരിയെല്ലിന് ക്ഷതമേറ്റ മുസ്‌തഫ അരമണിക്കൂർ ബോധമില്ലാതെ കിടന്നു. മുസ്തഫയെ ആശുപത്രിയിലെത്തിക്കണമെന്ന് സൈനുൽ ആബിദ് മാഹിൻ ഹാജിയുടെ കാൽക്കൽവീണ് പറഞ്ഞു. ‘രണ്ട് പേരുടേയും മയ്യത്തുമാത്രമേ ഇനി വീട്ടുകാർ കാണുകയുള്ളൂ’ എന്നായിരുന്നു ആക്രോശം.  അവിടെയുണ്ടായിരുന്ന പ്രായമായ ആളുടെ സഹായത്തോടെ  രക്ഷപ്പെട്ട്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴും രണ്ട് ജീവനക്കാരെ  പൂട്ടിയിട്ടിരിക്കുകയായിരുന്നു.  ഇവരെ രാത്രി 12 നാണ്‌ വിട്ടയച്ചതെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News