പന്നിക്കുവച്ച തോക്കുകെണിയിൽ നിന്ന് വെടിയുതിർന്ന് കർഷകൻ മരിച്ചു



കാസർകോട്‌> കാട്ടുപന്നിക്കുവച്ച തോക്കു കെണിയിൽ നിന്ന് വെടിയുതിർന്ന് കർഷകൻ മരിച്ചു. പൊയിനാച്ചി കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവൻ നമ്പ്യാർ (65) ആണ് മരിച്ചത്. ശനി രാവിലെ വെടിയേറ്റ മാധവൻ നമ്പ്യാർ മംഗളൂരുവിലെ ആശുപത്രിയിൽ ബുധൻ രാവിലെയാണ് മരിച്ചത്. വെടി കൊണ്ടതിനെ തുടർന്ന് മാധവൻ നമ്പ്യാരുടെ കാൽ മുട്ടിന് ഗുരുതരമായി മുറിവേറ്റിരുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ശനി രാവിലെ ഏഴരയോടെയാണ് സംഭവം. തോട്ടത്തിൽ ചക്ക പറിക്കാൻ പോയതായിരുന്നു. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വച്ചിരുന്ന തോക്കിൽനിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയാണ് കെണിയൊരുക്കുന്നത്. ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി. ചക്ക പറിക്കുന്നതിനിടയിൽ മാധവൻ നമ്പ്യാർ കെണിയിൽ തട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെടിയൊച്ച ദൂരെവരെ കേട്ടിരുന്നു. അപകടത്തിനുശേഷം ഇദ്ദേഹം ഭാര്യയെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. ആളുകൾ ഓടിയെത്തി കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാൽമുട്ടിൽ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിട്ടുണ്ടായിരുന്നു.   ഒരാഴ്ച മുൻപ് സംഭവസ്ഥലത്ത് പന്നിക്ക് തോക്കുകെണി വെച്ചിട്ടുണ്ടെന്ന് ഒരാൾ വിളിച്ചുപറഞ്ഞുവെന്നും ഇത് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും മാധവൻ നമ്പ്യാർ മൊഴിനൽകിയിട്ടുണ്ട്‌. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗമാണ് ഇദ്ദേഹം. Read on deshabhimani.com

Related News