സതീശനെ തള്ളി നേതാക്കൾ ; അധമ രാഷ്‌ട്രീയത്തിനെതിരെ വിധിയെഴുതാൻ തൃക്കാക്കര



കൊച്ചി തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനെ താറടിക്കാൻ  വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിനെയും അതിനെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെയും പരസ്യമായി വിമർശിച്ച്‌ മഹിളാ കോൺഗ്രസ്‌ നേതാക്കൾ രംഗത്ത്‌. എഐസിസി അംഗവും മഹിളാ കോൺഗ്രസ്‌ മുൻ അഖിലേന്ത്യാ സെക്രട്ടറിയുമായ സിമ്മി റോസ്‌ബെൽ ജോൺ, കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗം പത്മജ വേണുഗോപാൽ എന്നിവരാണ്‌ നെറികെട്ട പ്രചാരണത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചത്‌. ഇതോടെ തൃക്കാക്കരയിൽ യുഡിഎഫ്‌ ക്യാമ്പിനും കോൺഗ്രസ്‌ നേതൃനിരയ്ക്കും വീണ്ടും അടിതെറ്റി. തൃക്കാക്കരയുടെ വികസനത്തിന്‌ എൽഡിഎഫിന്‌ പിന്തുണ അറിയിച്ച്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ വി തോമസും വി ഡി സതീശന്റെ ഏകാധിപത്യശൈലിയിൽ പ്രതിഷേധിച്ച്‌ ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരനും പാർടി വിട്ടതിനുപിന്നാലെയാണ്‌ വീണ്ടും കോൺഗ്രസ്‌ ക്യാമ്പിൽ പൊട്ടിത്തെറി. അധമ രാഷ്‌ട്രീയസംസ്‌കാരത്തിൽനിന്ന്‌ കോൺഗ്രസ്‌ രക്ഷപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നവരും വി ഡി സതീശന്റെ ഏകാധിപത്യശൈലി തിരുത്തണമെന്ന്‌ ആഗ്രഹിക്കുന്നവരും   കോൺഗ്രസിനെതിരെ വിധിയെഴുതാൻ രംഗത്തുവരുന്നതാണ്‌ തൃക്കാക്കരയിൽ അവസാന ലാപ്പിലെ കാഴ്‌ച.   പ്രതിപക്ഷനേതാവ്‌ അത്‌ 
പറയരുതായിരുന്നു : സിമ്മി റോസ്‌ബെൽ ജോൺ  (എഐസിസി അംഗം) തെരഞ്ഞെടുപ്പുചരിത്രത്തിലെ ഇതുവരെയില്ലാത്ത സംഭവമാണിത്‌.  ശക്തമായി അപലപിക്കുന്നു. ‘എന്തുകൊണ്ടാണ്‌ പ്രതിപക്ഷനേതാവ്‌ അങ്ങനെ പറഞ്ഞതെന്നറിയില്ല. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത്‌ സൈബർ നിയമപ്രകാരം കുറ്റകരമാണ്‌. ഒരിക്കലും അദ്ദേഹം അതുപറയരുതായിരുന്നു. സ്‌ത്രീ എന്നനിലയിലും അമ്മ എന്നനിലയിലും വളരെ വേദനയുണ്ട്‌. സ്ഥാനാർഥിയായതിന്റെ പേരിൽ ഒരു കുടുംബത്തെ അപമാനിക്കുന്നത്‌ ശരിയല്ല. ഇത്‌ കോൺഗ്രസ്‌ സംസ്‌കാരവുമല്ല.  ഈ പ്രവണ ആവർത്തിക്കാതിരിക്കാൻ, പിന്നിൽ ആരായാലും ഏതു പാർടിയാണെങ്കിലും കർശന നടപടി വേണം. അങ്ങനെയുള്ളവരെ ഒരു പാർടിയിലും വച്ചുപൊറുപ്പിക്കരുത്‌’ ക്ഷമിക്കാവുന്ന തെറ്റല്ല : പത്മജ വേണുഗോപാൽ ‘എൽഡിഎഫ് സ്ഥാനാർഥിയെപ്പറ്റി ഒരു വീഡിയോകണ്ടു. അത്‌ ആര് ചെയ്താലും ക്ഷമിക്കാൻ പറ്റുന്നതല്ല. അവർക്കും ഒരു കുടുംബമുണ്ട്. ഞാൻ ആദ്യം ഇലക്‌ഷന് ഇറങ്ങിയപ്പോൾ എന്നോട് ഒരു കാര്യമേ അച്ഛൻ പറഞ്ഞുള്ളൂ. എതിരാളിയെ ഒരിക്കലും വ്യക്തിപരമായി ആക്ഷേപിക്കരുത്‌.  രാഷ്ട്രീയമായി എന്തും പറയാം. ഞാൻ ഇതുവരെ അത് പാലിച്ചിട്ടുണ്ട്’ കോൺഗ്രസുകാരും 
എൽഡിഎഫിന്‌  
വോട്ട്‌ ചെയ്യും : പി രാജീവ്‌ അധമ രാഷ്‌ട്രീയസംസ്‌കാരത്തിൽനിന്ന്‌ കോൺഗ്രസ്‌ രക്ഷപ്പെടണമെന്ന്‌ ആഗ്രഹിക്കുന്നവർ തൃക്കാക്കരയിൽ എൽഡിഎഫിന്‌ വോട്ട്‌ ചെയ്യുമെന്ന്‌  മന്ത്രി പി രാജീവ്‌ പറഞ്ഞു. വ്യാജ അശ്ലീലവീഡിയോ പ്രചാരണത്തിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ നിലപാടിനെ എതിർത്ത്‌  എഐസിസി അംഗം സിമ്മി റോസ്‌ബെൽ ജോൺതന്നെ രംഗത്തുവന്നത്‌ കോൺഗ്രസിൽത്തന്നെയുള്ള പ്രതിഷേധത്തിന്‌ തെളിവാണ്‌.  കോൺഗ്രസിനെ സ്‌നേഹിക്കുന്നവരുടെ നിലപാടാണത്‌.  കോൺഗ്രസുകാരായ സ്‌ത്രീകളുടെ അഭിപ്രായമാണത്‌.  കോൺഗ്രസ്‌ ഇങ്ങനെ തുടരണോ വേണ്ടയോ എന്നതാണ്‌ പ്രശ്‌നം. വ്യാജ അശ്ലീല 
വീഡിയോ:
3 പേർകൂടി 
പിടിയിൽ തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ മുസ്ലീം ലീഗ്‌, കോൺഗ്രസ്‌ നേതാക്കൾ ഉൾപ്പെടെ മൂന്നുപേർകൂടി പിടിയിൽ. ഐഎൻടിയുസി നേതാവും എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരനുമായ കളമശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ കെ ഷിബു, മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രാദേശിക നേതാവ്‌ കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി ഇറിമ്പിലാക്കൽ അബ്ദുൾ റഹ്മാൻ എന്നിവരെയാണ്‌ ശനിയാഴ്ച അറസ്റ്റ്‌ ചെയ്തത്‌. തിരുവനന്തപുരം കോവളം സ്വദേശി സുഭാഷും കസ്‌റ്റഡിയിലായിട്ടുണ്ട്‌. കഴിഞ്ഞദിവസം  രണ്ട്‌ കോൺഗ്രസ്‌ നേതാക്കൾ പിടിയിലായിരുന്നു. ഷിബുവിനെ മെഡിക്കൽ കോളേജിലെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു. യൂത്ത് ലീഗ് നേതാവായ അബ്ദുൾ റഹ്മാൻ നിരവധി കേസുകളിൽ പ്രതിയാണ്‌.   Read on deshabhimani.com

Related News