കൊടുങ്ങല്ലൂർ കള്ളനോട്ട് കേസ്‌: ഇതുവരെ അറസ്റ്റിലായത്‌ ബിജെപിക്കാരടക്കം 6 പേർ



കൊടുങ്ങല്ലൂർ > കള്ളനോട്ട് കേസിൽ വാഹന കച്ചവടക്കാരായ മൂന്നുപേർ അറസ്റ്റിൽ. മേത്തല ടികെഎസ് പുരം സ്വദേശികളായ കന്നത്തുവീട്ടിൽ ഷമീർ(35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം വീട്ടിൽ ഷനീർ (35) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അറസ്റ്റ്‌ചെയ്തത്. ഇതോടെ ഈ കേസിൽ ബിജെപിക്കാരടക്കം ആറുപേർ അറസ്റ്റിലായി. ബിജെപി സജീവ പ്രവർത്തകൻ കോന്നംപറമ്പിൽ ജിത്തുവിന്റെ പക്കൽനിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്. ബംഗളൂരു കേന്ദ്രമാക്കി കള്ളപ്പണം അച്ചടിച്ച് വിതരണം ചെയ്യുന്ന ബിജെപിക്കാരായ സഹോദരങ്ങൾ എരാശേരി രാകേഷ് (37), രാജീവ് (35) ജിത്തു എന്നിവരേയും അറസ്റ്റ്‌ചെയ്‌തിരുന്നു. ജിത്തുവിന് കള്ളപ്പണം വാങ്ങാൻ  30,000 രൂപയുടെ യഥാർഥ കറൻസി നൽകിയത് മനാഫും ഷമീറും ഷനീറും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ഇവർ മൂന്നുപേരും ചേർന്നാണ് പഴയ വാഹനങ്ങളുടെ കച്ചവടം നടത്തുന്നത്. വ്യാജ നോട്ടുകൾ ഈ കച്ചവടത്തിൽ ഉപയോഗിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. 30,000 രൂപയുടെ യഥാർഥ കറൻസിക്ക് ഒരുലക്ഷം രൂപയുടെ കള്ളനോട്ടാണ് ലഭിക്കുക. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരദേശത്ത് വ്യാജ കറൻസി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News