പരിഹാസ്യരായിട്ടും നിലയ്ക്കാത്ത ‘നുണ ഫാക്ടറി’ ; സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ മണിക്കൂറുകൾക്കകം ആരംഭിച്ച നുണവാർത്താ നിർമിതി ആലുവയിൽ
 വിദ്യാർഥിയുടെ മരണംവരെ എത്തി



തിരുവനന്തപുരം കഴിഞ്ഞ എൽഡിഎഫ്‌ ഭരണത്തിൽ സിപിഐ എമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാനുള്ള നിരന്തരശ്രമത്തിൽ പരിഹാസ്യരായിട്ടും ഇപ്പോഴും "കർമം' തുടർന്ന്‌ ഒരു വിഭാഗം മാധ്യമങ്ങൾ.  സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ മണിക്കൂറുകൾക്കകം ആരംഭിച്ച നുണവാർത്താ നിർമിതി ആലുവയിലെ നിയമ വിദ്യാർഥിയുടെ മരണംവരെ എത്തിനിൽക്കുന്നു. സംഭവത്തിൽ ഒരു "കുട്ടി സഖാവി'ന്‌ ബന്ധമുണ്ടെന്ന യുഡിഎഫ്‌ പത്രത്തിന്റെ "കണ്ടെത്തൽ' മണിക്കൂറുകൾക്കം ആവിയായി. മുല്ലപ്പെരിയാർ മരംമുറിയിലും ലക്ഷ്യം സർക്കാരായിരുന്നു. എന്നാൽ, ഉന്നംതെറ്റി. നാട്ടിലെ ഏത്‌ കുറ്റകൃത്യം റിപ്പോർട്ടുചെയ്യുമ്പോഴുള്ള ആദ്യ ആലോചന സിപിഐ എമ്മിനെ എങ്ങനെ ബന്ധിപ്പിക്കാമെന്നതായിട്ടുണ്ട്‌. ദത്ത്‌ കേസ്‌ : മറച്ചുവച്ച സത്യങ്ങൾ പേരൂർക്കട ദത്ത്‌ കേസിൽ വിഷയം മുന്നിലെത്തിയപ്പോൾ മുതൽ സർക്കാർ സ്വീകരിച്ച നടപടികൾ മാധ്യമങ്ങൾ മറച്ചുവച്ചു. കുട്ടിയെ അമ്മയ്‌ക്ക്‌ ലഭിക്കണം എന്ന നിലപാടായിരുന്നു ആദ്യംമുതൽ സർക്കാരിന്‌. വനിതാ കമീഷൻ കേസെടുത്തതുമുതൽ നടപടി വേഗത്തിലാക്കി ഒരു മാസത്തിനിപ്പുറം കുഞ്ഞിനെ കൈമാറാനായി. ഡിഎൻഎ പരിശോധനയിൽ കൃത്രിമം കാണിക്കുമെന്നായിരുന്നു ഒരു ദിവസം മുഴുവൻ ലൈവ്‌. നടപടി ഇഴയുന്നുവെന്നായി പിന്നീട്‌. എന്നാൽ, കുട്ടിയെ തിരികെ എത്തിക്കൽ അടക്കം എല്ലാം വേഗത്തിൽ നടന്നു. സിഡബ്ല്യുസി റിപ്പോർട്ട്‌ അടിയന്തരമായി കോടതിയിൽ എത്തിച്ച്‌ കൈമാറ്റം വേഗത്തിലാക്കണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടതും സർക്കാരാണ്‌. കുഞ്ഞിനെ അമ്മയ്‌ക്ക്‌ നൽകുന്നതിനാണ്‌ മുൻഗണനയെന്ന്‌ മന്ത്രി വീണാ ജോർജും വ്യക്തമാക്കിയിരുന്നു. മുമ്പുണ്ടായ നടപടികളിൽ വീഴ്‌ചയുണ്ടോയെന്നും അന്വേഷിക്കുന്നു. എന്നാൽ, എങ്ങനെയും സർക്കാരിനെ വിചാരണചെയ്യണം എന്ന്‌ ആഗ്രഹിക്കുന്ന മാധ്യമങ്ങൾ ഇതൊന്നും കണ്ടില്ല. Read on deshabhimani.com

Related News