പൊലീസ്‌ ഉന്നതരുടെ വ്യാജ പ്രൊഫൈൽ: തട്ടിപ്പ്‌ നടത്തിയയാളെ കണ്ടെത്തി



തിരുവനന്തപുരം സംസ്ഥാനത്തെ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച്‌ ഫെയ്‌സ്‌ബുക്‌ പ്രൊഫൈൽ നിർമിച്ച്‌ സുഹൃത്തുക്കളിൽനിന്നും മറ്റും പണം തട്ടിയത്‌ രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി. ഉന്നത ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ ഫോട്ടോ ഉപയോഗിച്ച്‌ വ്യാജ പ്രൊഫൈൽ നിർമിച്ചായിരുന്നു തട്ടിപ്പ്‌. പുൻഹാന പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽനിന്നാണ്‌ തട്ടിപ്പുകാരനെ കണ്ടെത്തിയത്‌. പ്രായ പൂർത്തിയാകാത്തതിനാൽ ഇയാളുടെ പേര്‌ വിവരം ‌പുറത്ത്‌ വിട്ടിട്ടില്ല. ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ ഫോൺ ഉപയോഗിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. തിരുവനന്തപുരം സൈബർ പൊലീസ്‌ സ്‌റ്റേഷൻ എസ്‌എച്ച്‌ഒ ടി ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫെയ്‌സ്‌ബുക്‌ റെക്കോഡിൽനിന്ന്‌ ലഭിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ്‌ സൂചന ലഭിച്ചത്‌. തുടർന്ന്‌ ഒരാഴ്‌ച രാജസ്ഥാൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പുകാരനെ കണ്ടെത്തിയത്‌. സിറ്റി പൊലീസ്‌ കമീഷണർ ബൽറാംകുമാർ ഉപാധ്യായ, ഡിഐജി സഞ്ജയ്‌ ഗുരുഡിൻ എന്നിവരുടെ നിർദേശ പ്രകാരമായിരുന്നു അന്വേഷണം. സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ റോജ്‌, സബ് ഇൻസ്പെക്ടർമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, അസ്സിസ്റ്റന്റ്‌ സബ് ഇൻസ്പെക്ടറായ ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News