കിഫ്ബി സംവിധാനം ആരോഗ്യ മേഖലയ്ക്ക് വലിയ അനുഗ്രഹമായി: മന്ത്രി ശൈലജ; എറ.മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു



തിരുവനന്തപുരം > എറണാകുളം കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. ആർദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി മെഷീൻ, സിസിടിവി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. കിഫ്ബി സംവിധാനം ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് വലിയ അനുഗ്രഹമായതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ മേഖലയുടെ സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ ആർദ്രം പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സമഗ്ര വികസനമൊരുക്കി രോഗീ സൗഹൃദമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് നല്ല പണം വേണം. ജിഡിപിയിലെ ഒരു ശതരമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. അതെല്ലാം വലിയ പദ്ധതികൾക്ക് തടസമായി. അപ്പോഴാണ് കിഫ്ബി വലിയ അനുഗ്രഹമായി മാറിയത്. വളരെ പെട്ടെന്ന് മാസ്റ്റർ പ്ലാനും പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കാനും വലിയ ശതമാനം പദ്ധതികൾ യാഥാർത്ഥമാക്കാനാക്കാനും സാധിച്ചതായി മന്ത്രി വ്യക്തമാക്കി. കിഫ്ബിയുടെ ഭാഗമായി എറണാകുളം മെഡിക്കൽ കോളേജിലും വലിയ വികസനമാണ് നടന്നു വരുന്ന്. പുതിയ മദർ ആന്റ് ചൈൽഡ് ബ്ലോക്കിന് കിഫ്ബി വഴി 311 കോടിയുടെ ഭരണാനുമതി നൽകുകയും 285 കോടി അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കി വരുന്നു. 8 നിലകളുള്ള ഈ കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറുന്നതാണ്. ആദ്രം മിഷന്റെ ഭാഗമായി ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രിയുടെ കിടക്കകൾ പോലും തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. രോഗീ സൗഹൃദം, ഹൈടെക് ആക്കുക, സൗജന്യമായും കുറഞ്ഞ ചെലവിലുമുള്ള ചികിത്സ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധിച്ചത്. എല്ലാതലം ആശുപത്രികളേയും സേവനം വർധിപ്പിച്ചു. 44 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചിട്ടുണ്ട്. 67 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങളാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. ജില്ലാ ജനറൽ ആശുപത്രികളിൽ കാത്ത് ലാബ് അനുവദിച്ചു. 5 ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് സെന്റർ സജ്ജമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ നിശ്ചയിച്ചപ്പോൾ ഫണ്ട് ഒരു തടസമായിരുന്നു. എന്നാൽ അത് ജനകീയമായെടുത്തപ്പോൾ വലിയ വിജയമായി. സർക്കാർ പണത്തോടൊപ്പം ജനപ്രതിനിധികളുടെ വികസന ഫണ്ടും നാട്ടിലെ ജനങ്ങളുടെ സഹായവും കൂടെയുണ്ടായപ്പോൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വലിയ സൗകര്യങ്ങളൊരുക്കാനായി. എറണാകുളം മെഡിക്കൽ കോളേജിൽ വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നല്ല ടീംവർക്കായാണ് പ്രവർത്തിക്കുന്നത്. ആശുപത്രി ജീവനക്കാരും കളക്ടറും ജനപ്രതിനിധികളും ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്. ആശുപത്രി വികസനത്തിനായി ഫണ്ടനുവദിച്ച ഹെബി ഈഡൻ എം.പി., ജോൺ ഫെർണാണ്ടസ് എം.എൽ.എ., പി.ടി. തോമസ് എം.എൽഎ., ബിപിസിഎൽ ഗ്രൂപ്പ് എന്നിവരോട് നന്ദി പറയുന്നു. കോവിഡിനെതിരായ പേരാട്ടത്തിൽ കേരളം ശക്തമായി പൊരുതി നിൽക്കുകയാണ്. രാഷ്ട്രീയ ഭേദമന്വേ എല്ലാവരുടേയും പിന്തുണ തേടുന്നു. വരാനുള്ള നാളുകൾ ഇനിയും കടുത്തതാണ്. ആശുപത്രി ജീവനക്കാർ ഇപ്പോൾ തന്നെ വളരെയധികം അധ്വാനിക്കുന്നുണ്ട്. എങ്കിലും ഈ ഘട്ടത്തെയും മാനസികമായും ശാരീരികമായും നേരിടാൻ സന്നദ്ധമായിരിക്കണം. കോവിഡിനെ അതിജീവിക്കാൻ നമുക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി., പി.ടി. തോമസ് എം.എൽ.എ., ജോൺ ഫെർണാണ്ടസ് എം.എൽ.എ., കളമശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ റുഖിയ ജമാൽ എന്നിവർ വിശിഷ്ടാതിഥികളായി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ. എൻ. ഖോബ്രഗഡെ സ്വാഗതവും ജില്ലാ കളക്ടർ എസ്. സുഹാസ് കൃതജ്ഞതയും രേഖപ്പെടുത്തി. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, ഡി.എം.ഒ. ഡോ. കുട്ടപ്പൻ, ബിപിസിഎൽ എക്സി. ഡയറക്ടർ പി. മുരളി മാധവൻ, ഐ.എം.എ. കൊച്ചി പ്രതിനിധി ഡോ. ജുനൈദ് റഹ്മാൻ, വാർഡ് കൗൺസിലർ മിനി സോമനാഥ്, എൻ.എച്ച്.എം. ചീഫ് എഞ്ചിനീയർ സി.ജെ. അനില, വൈസ് പ്രിൻസിപ്പൽ ഡോ. ഫത്താഹുദ്ധീൻ, ആശുപത്രി സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ, ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News