അപവാദം പ്രചരിപ്പിക്കാന്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമക്കുന്നു; ഇപി ജയരാജന്റെ ഭാര്യയെ സംബന്ധിച്ച പ്രചരണം ഇത്തരത്തിലുള്ളത്: മുഖ്യമന്ത്രി



തിരുവനന്തപുരം> ബോധപൂര്‍വ്വം അപവാദം പ്രചരിപ്പിക്കാന്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമക്കുകയാണെന്നും ഇപി ജയരാജന്റെ ഭാര്യയെ സംബന്ധിച്ച പ്രചരണം ഇത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍. അവര്‍ ബാങ്കില്‍ പോയെന്നതും ലോക്കര്‍ ഉപയോഗിച്ചു എന്നുള്ളതും വസ്തുതയുടെ ഭാഗമായിരിക്കാം. സ്വര്‍ണം തൂക്കിയിട്ടുമുണ്ടാകും. സ്വര്‍ണം അവിടെ തൂക്കി എന്നത് മഹാ ആശ്ചര്യകരമായ കാര്യമല്ല. അവര്‍ ജോലി ചെയ്തിരുന്ന  സ്ഥലത്ത് അവരുടെ ലോക്കറിലേക്ക് പോകുകയും സ്വര്‍ണം എത്രയുണ്ടെന്ന് നോക്കുകയും ചെയ്തു. എന്തെങ്കിലും ആവശ്യമുണ്ടാകും.സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായി ബന്ധപ്പെട്ട  ഇവരുടെ മകന്റെ ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ബാങ്കില്‍ പോയതെന്ന് ഒരു  മാധ്യമം വാര്‍ത്ത നല്‍കി. ഏതന്വേഷണ ഏജന്‍സിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. പരാതികള്‍ ചെല്ലുമ്പോള്‍ സ്വാഭാവികമായി അന്വേഷണ ഏജന്‍സി പരാതികളെ കുറിച്ച് അന്വേഷിക്കും.  തനിക്കെതിരെ ഒരാരോപണമുണ്ടായപ്പോള്‍ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിക്കുകയും പിന്നീട് , ആരോപണം കളവാണെന്ന് അറിയാമെന്നും എന്താണെന്നറിയാന്‍ വിളിപ്പിച്ചു എന്ന് മാത്രമെ ഉളളുവെന്നും പറഞ്ഞതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ ചില താല്‍പര്യക്കാര്‍ ശ്രമിക്കും. മാധ്യമങ്ങള്‍ അതേറ്റെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി   Read on deshabhimani.com

Related News