കടൽ കൊലക്കേസ് നഷ‍‍്ടപരിഹാരം : 10 കോടി അനുവദിച്ചത്‌ സംസ്ഥാന സർക്കാർ ഇടപെടലിൽ



കൊല്ലം രണ്ടു‌ മത്സ്യത്തൊഴിലാളികൾ കടലിൽ വെടിയേറ്റു മരിച്ച കേസിൽ ഇറ്റലി സർക്കാർ 10 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാൻ വഴിയൊരുങ്ങിയത്‌ സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ.  നഷ്ടപരിഹാരം രണ്ടു‌കോടി രൂപയിലൊതുക്കി കേസ്‌ അവസാനിപ്പിക്കാനായിരുന്നു കേന്ദ്ര സർക്കാർ നീക്കം. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ്‌ വകുപ്പും ശക്തമായി ഇടപെട്ടതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു‌. നഷ‍്ട പരിഹാരം 15 കോടി രൂപ നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.  അപ്പീൽ നൽകണമെന്നും കേസ്‌ അവസാനിപ്പിക്കാൻ പാടില്ലെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ നഷ്ടപരിഹാരം ഉയർത്താൻ ഇറ്റലി സർക്കാർ നിർബന്ധിതമായത്‌. ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2012 ഫെബ്രുവരി 15-നാണ്‌ ഇറ്റാലിയൻ  എണ്ണക്കപ്പൽ എൻറിക്ക ലെക്‌സിയിലെ സുരക്ഷാഭടന്മാരുടെ വെടിയേറ്റ്‌  മത്സ്യത്തൊഴിലാളികളായ കൊല്ലം തങ്കശ്ശേരി സ്വദേശി വാലന്റൈൻ,  കന്യാകുമാരി സ്വദേശി അജീഷ്‌ പിങ്കു എന്നിവർ മരിച്ചത്‌. ഇവരുടെ  ബന്ധുക്കൾക്ക്‌ നാലുകോടി രൂപ വീതവും തകർന്ന സെന്റ്‌ ആന്റണി ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ടുകോടി രൂപയും  നഷ്ടപരിഹാരം നൽകുമെന്നാണ്‌ ‌ ഡൽഹിയിലെ ഇറ്റാലിയൻ എംബസി കേന്ദ്ര വിദേശമന്ത്രാലയത്തെ കഴിഞ്ഞ ദിവസം അറിയിച്ചത്‌. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയൻ നാവികർ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തിന്‌ അർഹതയുണ്ടെന്നും 2020 മെയ്‌ 21-ന്‌ രാജ്യാന്തര ട്രിബ്യൂണൽ വിധിച്ചിരുന്നു‌. തുടർന്ന്‌ കേസ്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സർക്കാർ  സുപ്രീംകോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നൽകാതെ കേസ്‌ അവസാനിപ്പിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി  നിലപാടെടുത്തു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ നേരത്തെ ഇറ്റലി സർക്കാർ ഒരു കോടി രൂപ വീതം നൽകിയിരുന്നു‌. Read on deshabhimani.com

Related News