ഓർമയായി ഒരു രാഷ്‌ട്രീയകാലം

പൊന്നമ്മ, രാജമ്മ, ശാന്തമ്മ


മാന്നാർ > എണ്ണയ്‌ക്കാടിന്റെ സാംസ്‌കാരിക, രാഷ്‌ട്രീയ വഴിത്താരകളിൽ നിറഞ്ഞുനിന്ന പുത്തൻപുരയിൽ സഹോദരിമാർ ഇനിയില്ല. കഴിഞ്ഞ 20ന്‌ മരിച്ച ഇളയ സഹോദരി എണ്ണയ്ക്കാട് കലവറ വീട്ടിൽ പരേതനായ രാധാകൃഷ്‌ണ‌ൻനായരുടെ ഭാര്യ ശാന്തമ്മ (83)യ്‌ക്ക്‌ വെള്ളിയാഴ്‌ച നാടും കുടുംബവും വിടനൽകും.   കുടുംബാംഗങ്ങളുടെ സംഭവബഹുലമായ ഒരു രാഷ്‌ട്രീയകാലത്തിനൊപ്പം സഞ്ചരിച്ച മൂന്ന്‌ സഹോദരിമാർ അടുത്തടുത്ത ദിവസങ്ങളിലാണ്‌ വിടവാങ്ങിയത്. എണ്ണക്കാട് വെട്ടത്തുവിളയിൽ പരേതനായ ദാമോദരൻതമ്പിയുടെ ഭാര്യ പൊന്നമ്മ (96) കഴിഞ്ഞ 16നും  കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവ് എണ്ണയ്ക്കാട് ലക്ഷ്മിവിലാസം (പട്ടോടയിൽ) പരേതനായ പി ആർ ഗോപാലപിള്ള വൈദ്യന്റെ ഭാര്യ പി രാജമ്മ (94) 18നുമാണ്‌ മരിച്ചത്‌. രണ്ട്‌ ദിവസത്തെ ഇടവേളകളിൽ ഒരാഴ്‌ചയ്‌ക്കിടെ മൂന്നുപേരും വിടവാങ്ങി.   എണ്ണയ്ക്കാട് പുത്തൻപുരയിൽ പരേതരായ മാധവൻപിള്ള വൈദ്യന്റെയും പാറുക്കുട്ടിയമ്മയുടെയും മക്കളാണ് മൂന്നുപേരും. തിരുവനന്തപുരം ആയുർവേദ കോളേജിലെ ആദ്യ വൈദ്യകലാനിധി ബാച്ചിലെ വിദ്യർഥിയായിരുന്നു പുത്തൂർ സ്വദേശിയായ മാധവൻപിള്ള വൈദ്യർ.  1946ലാണ്‌ സർക്കാർ ഗ്രാന്റ്‌ വൈദ്യനായി എണ്ണയ്‌ക്കാട് എത്തിയത്‌. ഏഴ് മക്കളിൽ നാലുപേരും നേരത്തെ മരിച്ചു.   എണ്ണയ്ക്കാട്ടെ ഭൂസമരത്തിന് നേതൃനിരയിലായിന്നു പി ആർ ഗോപാലപിള്ള വൈദ്യനും രാധാകൃഷ്‌ണൻനായരും.  ഒട്ടേറെ സഹനങ്ങൾ ഈ കുടുംബങ്ങൾക്ക് അനുഭവിക്കേണ്ടി വന്നു. സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ്ചെയ്‌ത് ജയിലിൽ അടയ്ക്കാൻ ഉത്തരവുണ്ടായി. പിടികൊടുക്കാതെ അവർക്ക്‌  ഒളിത്താവളം കണ്ടെത്തി പാർപ്പിച്ചിരുന്നത്  ഈ സഹോദരിമാരാണ്. ഇടതുപക്ഷ  സഹയാത്രികരുമായിരുന്നു സഹോദരിമാർ.   തോപ്പിൽ അമ്മിണിയമ്മ മാതൃസഹോദരീപുത്രിയും. ശാന്തമ്മയുടെ ഭർത്താവ് രാധാകൃഷ്‌ണൻനായർ രണ്ടു തവണയാണ് വധശ്രമത്തിൽനിന്ന്‌ രക്ഷപ്പെട്ടത്. ആദ്യ നിയമസഭാ സ്‌പീക്കർ ശങ്കരനാരായണൻ തമ്പിയുടെ അനന്തരവനാണ് രാധാകൃഷ്‌ണൻ നായർ.  സിപിഐ എം  ആദ്യകാല നേതാവാണ്‌. ദേശാഭിമാനി ജനറൽ എഡിറ്ററും മുൻ എം പിയുമായിരുന്ന കെ മോഹനൻ സഹോദരനാണ്‌. സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റിയംഗം സുരേഷ്‌ കലവറയും എണ്ണയ്‌ക്കാട്‌ ലോക്കൽ കമ്മിറ്റിയംഗം മധു കലവറയുമടക്കം  ശാന്തമ്മയ്‌ക്ക്‌ നാലു മക്കളാണ്‌. രാജമ്മയ്‌ക്ക്‌ ഏഴുമക്കൾ. ഭാർത്താവ്‌ ഗോപാലപിള്ള വൈദ്യർ കിസാൻ സഭ താലൂക്ക്‌ സെക്രട്ടറിയായിരുന്നു. മുൻ എംഎൽഎ പി ജി പുരുഷോത്തമൻ പിള്ള സഹോദരീഭർത്താവാണ്‌. പൊന്നമ്മയ്‌ക്ക്‌ മക്കളില്ല. മഹിളാ സംഘടനയുടെ ആദ്യകാല പ്രവർത്തകയായിരുന്ന ശാന്തമ്മയുടെ സംസ്‌കാരം വെള്ളി പകൽ മൂന്നിന് കലവറ വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ചൊവ്വ രാവിലെ ഒമ്പതിന്. Read on deshabhimani.com

Related News