ഇ എം എസ്‌, ധിഷണയുടെ സൂര്യതേജസ്സ്‌



തിരുവനന്തപുരം> ബൗദ്ധികവും പ്രായോഗികവുമായ സാമൂഹ്യമുന്നേറ്റത്തിന്‌ ചാലകശക്തിയായി വർത്തിച്ച യുഗാചാര്യന്റെ വിയോഗത്തിന്‌ കാൽനൂറ്റാണ്ട്‌. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും അടിത്തറയിട്ട സംഘടനാ കെട്ടുറപ്പിന്റെയും ക്ഷേമ– -വികസന പാതയുടെയും ശിൽപ്പിയായിരുന്നു ഇ എം എസ്‌ എന്ന ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌. ജീവിതത്തിലെ ലാളിത്യം, അക്ഷരാഭ്യാസമില്ലാത്തവരെപ്പോലും ആശയപരമായി ബലവത്താക്കിയ പ്രസംഗങ്ങൾ, ധിഷണയുടെ തീപ്പൊരികൾ പാറുന്ന ദാർശനിക സംവാദങ്ങൾ, എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാട്ടുളി പ്രയോഗങ്ങളും ഇടപെടലുകളും, അവസാനംവരെ തൊഴിലാളി വർഗത്തോട്‌ പുലർത്തിയ കൂറ്‌ എന്നിങ്ങനെ  ഇ എം എസ്‌ എന്ന മൂന്നക്ഷരത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരും. 1957ലെ കമ്യൂണിസ്റ്റ്‌ സർക്കാർ പാകിയ അടിത്തട്ടിൽനിന്നാണ്‌ ലോകമറിയുന്ന വികസന മാതൃകകൾ കേരളം കെട്ടിപ്പൊക്കിയത്‌. താത്വികാചാര്യൻ, പാർടി ജനറൽ സെക്രട്ടറി, മുഖ്യമന്ത്രി, പത്രാധിപർ, സാഹിത്യ വിചക്ഷണൻ തുടങ്ങി സർവമേഖലയിലും തന്റെ ഹൃദയമുദ്ര ചാർത്തി. 1909 ജൂൺ 13ന്‌ ഏലംകുളം മനയിൽ പിറന്ന വിപ്ലവനക്ഷത്രം യോഗക്ഷേമസഭയിലും കോൺഗ്രസിലും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർടിയിലും പ്രവർത്തിച്ച്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഭാഗമായി. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തുചാടി. ജയിൽവാസമനുഭവിച്ചതും നേതൃനിരയിലേക്ക്‌ ഉയർന്നതും അക്കാലത്ത്‌. തുടർന്നിങ്ങോട്ട്‌ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സൂര്യതേജസ്സായി. ഏതാനും സംസ്ഥാനങ്ങളിൽമാത്രം സ്വാധീനമുള്ള പാർടിയുടെ നേതാവായിട്ടും രാജ്യത്തെ സർക്കാരുകളെല്ലാം ഇ എം എസിന്റെ വാക്കുകൾക്ക്‌ വിലകൽപ്പിച്ചു. Read on deshabhimani.com

Related News