ആലപ്പുഴയോർമകളിലും 
അനശ്വരനായി ഇ എം എസ്‌

ആലപ്പുഴ ജില്ലാ രൂപീകരണത്തിന്റെ സ്‌മാരകമായി 
ജില്ലാക്കോടതി വളപ്പിൽ ഇ എം എസ്‌ നട്ട തെങ്ങ്


ആലപ്പുഴ > ഐക്യകേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസിന്റെ വ്യക്തിത്വത്തിന്റെ  ഔന്നത്യം പോലെ ജില്ലാക്കോടതി വളപ്പിൽ തലയുയർത്തി ഒരു തെങ്ങു നിൽക്കുന്നു. ആലപ്പുഴ ജില്ലാ രൂപീകരണത്തിന്റെ സ്‌മാരകമായി ഇഎംഎസ്‌ നട്ടതാണത്‌.  ഇഎംഎസിന്റെ വേർപാടിന്‌ കാൽ നൂറ്റാണ്ടാകുമ്പോഴും ഇതടക്കം എത്രയെത്ര ചരിത്രനിമിഷങ്ങളാണ്‌ ആ കമ്യൂണിസ്‌റ്റാചാര്യനെക്കുറിച്ച്‌ ജില്ലയ്‌ക്ക്‌ ഓർമിക്കാനുള്ളത്‌.   1957 ആഗസ്‌ത്‌ 17നാണ്‌  ഇഎംഎസ് ജില്ലാക്കോടതി അങ്കണത്തിൽ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി എട്ടാമത്തെ ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചത്. ഓണാട്ടുകരയുടെയും കരപ്പുറത്തിന്റെയും സമഗ്രവികസനത്തിന്‌ ആലപ്പുഴ നഗരം കേന്ദ്രമാക്കി ജില്ല രൂപീകരിക്കണമെന്ന ആവശ്യം 1950ലാണ്‌ ഉയർന്നത്‌. നേരത്തെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശങ്ങൾ. ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ 1956 ഒക്‌ടോബർ 19ന്‌ ആലപ്പുഴ നഗരത്തിൽ ഹർത്താലുണ്ടായി. അടുത്ത വർഷം ഏപ്രിലിൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിലേറി. നാലു മാസത്തിനു ശേഷം ആലപ്പുഴ ജില്ല എന്ന സ്വപ്‌നം സഫലമായി.   സ്വാതന്ത്ര്യലബ്ധിക്കും മുമ്പും പിമ്പും ഒളിവിലും തെളിവിലുമായി ആലപ്പുഴയിലും ഇഎംഎസിന്റെ പ്രവർത്തനമേഖലയുണ്ടായിരുന്നു. ഇഎംഎസിനു രഹസ്യമായി ഒളിയിടങ്ങളൊരുക്കിയ കുടിലുകളും തൊഴിലാളി കുടുംബങ്ങളും നിരവധി. കിടങ്ങാംപറമ്പു മൈതാനവും പഴയ മുനിസിപ്പൽ മൈതാനവും (നഗരചത്വരം)ഇഎംഎസ്‌ എത്തുമെന്നറിഞ്ഞാൽ നിറഞ്ഞുകവിയുമായിരുന്നു. രാഷ്‌ട്രീയത്തിന്റെ അജൻഡ നിർമിക്കുമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ അവിടെ തടിച്ചകൂടിയ പതിനായിരങ്ങൾ കാതോർത്തു.   കമ്യൂണിസ്‌റ്റു പാർട്ടിയുടെ ആദ്യമന്ത്രിസഭ അധികാരത്തിലേറുന്നതിനുമുമ്പ്‌  നിയുക്ത മുഖ്യമന്ത്രി ഇഎംഎസും മന്ത്രിമാരും ആലപ്പുഴയിലെത്തി പുന്നപ്ര - വയലാർ രക്തസാക്ഷികൾക്ക്‌ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. Read on deshabhimani.com

Related News