കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവം: അമ്മയും മകളും റിമാൻഡിൽ

സുശീല, സ്മിത


പത്തനാപുരം> കടശ്ശേരി ചെളിക്കുഴിയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ അമ്മയും മകളും അറസ്റ്റിൽ. ഒന്നാംപ്രതി  ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ ശിവദാസന്റെ ഭാര്യ സുശീല (63), മകൾ ചാരുംമൂട് ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ സ്മിത (39) എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള ശിവദാസനായി തിരച്ചിൽ ഊർജിതമാക്കി. ചുനക്കര വെറ്ററിനറി ഡിസ്പെൻസറിയുടെ കോമല്ലൂർ സബ് സെന്ററിന്റെ ചുമതലയുള്ള ലൈവ് സ്റ്റോക് ഇൻസ്‌പെക്ടറാണ് സ്മിത. ശിവദാസനും സുശീലയും വീടിനോട് ചേർന്ന സ്ഥലത്ത് കൃഷി സംരക്ഷിക്കാൻ കമ്പിവലിച്ചുകെട്ടി വൈദ്യുതി കടത്തിവിടുന്നത് പതിവായിരുന്നു. രാത്രി സ്വിച്ച് ഓൺ ചെയ്യുകയും രാവിലെ ഓഫാക്കുകയുമാണ് പതിവ്. പാതയോരത്ത്‌ കെണിയൊരുക്കിയത് നാട്ടുകാർ ചോദ്യംചെയ്തിട്ടുമുണ്ട്‌. കഴിഞ്ഞ തിങ്കളാഴ്ച ഇരുപതു വയസ്സുള്ള കാട്ടാന കമ്പിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ്‌ ചരിഞ്ഞു. വിവരമറിഞ്ഞ ശിവദാസൻ ഒളിവിൽപോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ വരുന്നതിനു മുമ്പ്‌ കമ്പികളും വയറുകളും അഴിച്ചുമാറ്റാൻ ശിവദാസൻ ഭാര്യയോട് പറഞ്ഞു. സുശീല ഒറ്റയ്‌ക്കായതിനാൽ മകളുടെ സഹായംതേടി. ചാരുംമൂട്ടിൽനിന്ന് സ്‌കൂട്ടറിൽ കടശ്ശേരിയിൽ എത്തിയ സ്മിത അമ്മയോടൊപ്പം കമ്പികളും വയറുകളും അഴിച്ചുമാറ്റി. ബലംപ്രയോഗിച്ച്‌ കമ്പി വലിച്ചെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ കരിഞ്ഞതുമ്പിക്കൈ അറ്റുപോകാറായ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വൈദ്യുതാഘാതം ഏറ്റതാണെന്ന്‌ മനസ്സിലായതോടെയാണ്‌ അറസ്റ്റ്‌. പുനലൂർ വനം കോടതി ഇരുവരെയും റിമാൻഡ്‌ചെയ്‌തു. Read on deshabhimani.com

Related News