വൈദ്യുതി ബില്‍: തമിഴ്നാട്ടില്‍ മാസത്തില്‍, കേരളത്തില്‍ രണ്ടുമാസത്തില്‍



തിരുവനന്തപുരം കേരളത്തിൽ 500 യൂണിറ്റ്‌ വൈദ്യുതിക്ക്‌ 8772 രൂപയും തമിഴ്‌നാട്ടിൽ 2360 രൂപയുമാണെന്ന വാർത്ത വസ്‌തുതാ വിരുദ്ധമെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി. കെഎസ്ഇബി 1000 യൂണിറ്റ് വൈദ്യുതിക്ക് രണ്ടു മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്‌താണ്‌ തെറ്റിദ്ധാരണ സൃഷ്ടിച്ചത്‌. തമിഴ്നാട് ജനറേഷൻ ആൻഡ്‌ ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ താരിഫ് പരിശോധിച്ചാൽ  500 യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവരുടെ ദ്വൈമാസ വൈദ്യുതി ചാർജ് 5080 രൂപയാണെന്ന് വ്യക്തമാണ്‌. പക്ഷേ, വാർത്തയിൽ നൽകിയിരിക്കുന്നത്‌ 2360 രൂപ മാത്രമാണ്‌. സംസ്ഥാനത്തെ ഏറ്റവും പുതിയ നിരക്കും തമിഴ്നാട്ടിൽ 2017 മുതൽ നിലവിലുള്ള  ഉടൻ പരിഷ്‌കരിക്കാനുള്ള  നിരക്കും തമ്മിലാണ് താരതമ്യമെന്ന പിശകുമുണ്ട്‌. തമിഴ്നാട്ടിലെ ഗാർഹിക വൈദ്യുതിനിരക്ക് താരതമ്യേന കുറവാണ്‌. മറ്റു പല താരിഫുകളിലും ഉയർന്ന നിരക്കാണ് നിലവിലുള്ളത്. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 100 യൂണിറ്റിനു മുകളിൽ കേരളത്തിലെ നിരക്ക് 6.8 രൂപയും 7.5 രൂപയുമാണ്. തമിഴ്നാട്ടിൽ ഇത് 8.05 രൂപയാണ്. വൻകിട വ്യവസായങ്ങൾക്ക് കേരളത്തിലെ വൈദ്യുതി നിരക്ക് 5.85 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ 6.35 രൂപയാണെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News