ഇന്ധന സർചാർജ്‌: കൽക്കരിക്ഷാമവും ഉയർന്ന വൈദ്യുതിവിലയും തിരിച്ചടിയായി



തിരുവനന്തപുരം> രാജ്യത്തെ കൽക്കരിക്ഷാമവും വൈദ്യുതി വിതരണക്കമ്പനികൾ നിരക്ക്‌ വർധിപ്പിച്ചതുമാണ്‌ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്‌ഇബിയെ നിർബന്ധിതമാക്കിയതെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി. കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളിൽ, ഇറക്കുമതിചെയ്‌ത വിലകൂടിയ കൽക്കരി ഉപയോഗിക്കേണ്ടിവന്നു. ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കുതിച്ചുയർന്നു. ഇത്‌ 2022 ഏപ്രിൽമുതൽ ജൂൺവരെ വൈദ്യുതി വാങ്ങൽച്ചെലവിൽ വൻ വർധനയുണ്ടായി. ഓരോ മാസവും ഇന്ധനവിലയിലുണ്ടായ അധികച്ചെലവ് താപനിലയങ്ങൾക്ക് കെഎസ്ഇബി നൽകിയിരുന്നു. ഈ തുകയാണ് ഇപ്പോൾ ഇന്ധന സർചാർജായി ഈടാക്കുന്നത്. ഫെബ്രുവരി ഒന്നുമുതൽ മെയ്‌ 31 വരെ യൂണിറ്റൊന്നിന്‌ ഒമ്പത്‌ പൈസയാണ്‌  ഈടാക്കുക. സംസ്ഥാനത്തെ മറ്റ്‌ വിതരണ ലൈസൻസികളുടെ ഉപയോക്താക്കൾക്കും നിരക്ക്‌ വർധന ബാധകമാണ്. 1000 വാട്‌സുവരെയും 40 യൂണിറ്റിൽ കവിയാതെയും ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളെ സർചാർജിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങിയതിൽ അംഗീകരിച്ച തുകയേക്കാൾ 87.07 കോടി രൂപ അധിക ബാധ്യത ഉണ്ടായതിനാൽ യൂണിറ്റൊന്നിന് 14 പൈസ നിരക്കിൽ മൂന്നു മാസത്തേക്ക് ഇന്ധന സർചാർജ് ഈടാക്കണമെന്നാണ്‌ കമീഷനോട് ആവശ്യപ്പെട്ടത്‌. കെഎസ്ഇബി സമർപ്പിച്ച കണക്കുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും പൊതു തെളിവെടുപ്പിനുംശേഷമാണ്‌ യൂണിറ്റൊന്നിന് ഒമ്പത്‌ പൈസ നിരക്കിൽ നാലുമാസത്തേക്ക്‌ ഇന്ധന സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയത്‌. Read on deshabhimani.com

Related News