കറന്റടിക്കാം ഏഴിടങ്ങളിൽ; കോഴിക്കോട്‌ 7 ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചു

രാമനാട്ടുകര കെഎസ്ഇബിഎൽ സബ് സ്റ്റേഷനോടനുബന്ധിച്ച് 
പ്രവർത്തനമാരംഭിച്ച ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ


‌ഫറോക്ക് > സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ ഹരിതോർജ വിപ്ലവത്തിനൊപ്പം ജില്ലയും. ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ജില്ലയിൽ ഏഴ്‌ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളാണ്‌ (ഇവിസിഎസ്) ഒന്നിച്ച് ആരംഭിച്ചത്.   സംസ്ഥാന സർക്കാരും കെഎസ്ഇബിയും ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര, ഗാന്ധി റോഡ്, പാവങ്ങാട്, കുറ്റിക്കാട്ടൂർ, താമരശേരി, പുതുപ്പാടി, കൊയിലാണ്ടി എന്നിവിടങ്ങളിലാണ്‌ ഫോർ വീലർ, ത്രീവീലർ, ടുവീലർ വാഹനങ്ങൾ ചാർജ്‌ ചെയ്യാവുന്ന സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചത്. 20 കിലോവാട്ടിന്റെ  മൂന്നും 60 കിലോവാട്ടിന്റെ ഒന്നുമടക്കം ഒരേ സമയം നാല്‌ വാഹനങ്ങൾ ചാർജ് ചെയ്യാൻ പറ്റുന്ന കേന്ദ്രമാണ് ഓരോ സ്ഥലത്തും ഒരുക്കിയിട്ടുള്ളത്.   പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജസുരക്ഷ ഉറപ്പാക്കുക, പെട്രോൾ വിലവർധന നിമിത്തമുണ്ടാകുന്ന സാമ്പത്തിക പ്രയാസം കുറയ്ക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഇ- വെഹിക്കിൾ പോളിസി പ്രഖ്യാപിച്ചത്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിനും വിപണിയുടെ ഉണർവിനും മതിയായ ചാർജിങ്‌ സ്റ്റേഷൻ ശൃംഖല അനിവാര്യമാണ്.   സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഫോർ വീലറുകൾക്കുള്ള ആറ്‌ ചാർജിങ്‌ സ്റ്റേഷനുകൾ 2020ൽ പൂർത്തിയാക്കിയിരുന്നു. ഇതിലൊന്ന് കോഴിക്കോട് നല്ലളത്താണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ 37 ചാർജിങ്‌ സ്റ്റേഷനുകൾ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, വയനാട്, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തനം തുടങ്ങി. ജില്ലയിൽ പുതുതായി ഏഴ്‌ സ്റ്റേഷനുകൾകൂടി വന്നതോടെ സംസ്ഥാനത്തെ ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകൾ 56 ആയി. ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് ചെയ്യാനുതകുംവിധത്തിൽ സംസ്ഥാനത്ത്‌ 1165 പോൾ മാഡ് ചാർജിങ്‌ സെന്ററുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.  ജില്ലയിൽ 148 സെന്ററുകളാണ് സ്ഥാപിക്കുന്നത്. Read on deshabhimani.com

Related News