പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം അനാവശ്യം; തെരഞ്ഞെടുപ്പ്‌ കമീഷൻ രാഷ്‌ട്രീയ പാർട്ടികളുടെ അവകാശങ്ങളിൽ കടന്നുകയറുന്നു: സിപിഐ എം പിബി



ന്യൂഡൽഹി > രാഷ്‌ട്രീയ പാർട്ടികളുടെ അവകാശങ്ങളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ കടന്നുകയറുന്നതിനെതിരെ പ്രതിഷേധവുമായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ. മാതൃകാ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമീഷൻ നിർദ്ദേശം തികച്ചും അനാവശ്യമായ നീക്കമാണെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് എങ്ങനെ ധനസഹായം കണ്ടെത്തുമെന്നും, അത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വെളിപ്പെടുത്താൻരാഷ്‌ട്രീയ പാർടികളെ നിർബന്ധിതമാക്കുന്ന തരത്തിൽ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തികച്ചും അനാവശ്യമായ ഒന്നാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന ചുമതല. രാഷ്‌ട്രീയ പാർടികൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും പരിശോധിക്കാനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനില്ല. ജനാധിപത്യത്തിൽ രാഷ്‌ട്രീയ പാർടികളുടെ  അവകാശമാണത്. രാഷ്‌ട്രീയ പാർടികളുടെ നയപരമായ തീരുമാനങ്ങൾ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ലെന്നും അങ്ങനെ ചെയ്താൽ അത് അമിതാധികാര പ്രയോഗമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിലിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എക്സിക്യൂട്ടീവിന്റെ സമ്മർദ്ദം മൂലമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനുള്ള നയപരമായ നടപടികൾ വാഗ്‌ദാനം ചെയ്യുന്നതിനുമുള്ള രാഷ്‌ട്രീയ പാർടികളുടെ അവകാശം ഇല്ലാതാക്കാനും അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുന്നുവെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News