ഇലന്തൂർ ആഭിചാരക്കൊല; പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി



കൊച്ചി > ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്മയുടെ മക്കളായ സേട്ട്, ശെല്‍വരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്‌കാരം തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ നടക്കും.ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്‌ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് കൈമാറുക. കൊച്ചി പൊന്നുരുന്നിയില്‍ താമസിച്ചിരുന്ന പത്മ( 52) തമിഴ്‌നാട് സ്വദേശിനിയാണ്. കൊച്ചി ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവര്‍. സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ മിസ്സിങ് കേസില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും പത്ത് ലക്ഷം രൂപ പ്രതിഫലം വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News