അക്രമ രാഷ്‌ട്രീയവും ജമാഅത്തെ കൂട്ടുകെട്ടും: യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പാർടി വിട്ടു



മലപ്പുറം> കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിമിനൽ രാഷ്‌ട്രീയത്തിലും ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലും പ്രതിഷേധിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ ഏലംകുളം മണ്ഡലം പ്രസിഡന്റ്‌ നാസർ ചീലത്ത്‌ പാർടി വിട്ടു. സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കുമെന്ന്‌ നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ നാസറിനെ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നാണ്‌ ഏലംകുളം പഞ്ചായത്തിൽ യുഡിഎഫ്‌ ഭരണം. കോൺഗ്രസ്‌ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്നും ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകളാണ്‌ ഭരണസമിതി നടപ്പാക്കുന്നതെന്നും നാസർ പറഞ്ഞു. പാർടിക്കുള്ളിൽ നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രശ്‌നം പരിഹരിച്ചില്ല. കെ സുധാകരൻ അക്രമ രാഷ്‌ട്രീയവും ക്രമിനലിസവും പ്രോത്സാഹിപ്പിക്കുകയാണ്‌. പാർടിക്ക്‌ ജനാധിപത്യ സ്വഭാവം നഷ്ടമായതായും നാസർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ ജമാഅത്തെ കൂട്ടുകെട്ട്‌ വിവാദമായിരുന്നു. ഒമ്പതാം വാർഡിൽ ജമാഅത്തെ സ്ഥാനാർഥി സൽമ  കുന്നക്കാവിനെ  യുഡിഎഫ്‌ പിന്തുണയ്‌ക്കുകയായിരുന്നു. 16 അംഗങ്ങളിൽ എൽഡിഎഫിന്‌ എട്ടും യുഡിഎഫിന്‌ എട്ടും അംഗങ്ങളാണുള്ളത്‌. നറുക്കെടുപ്പിലൂടെയാണ്‌ ഇവിടെ യുഡിഎഫിന്‌ ഭരണം ലഭിച്ചത്‌. ജമാഅത്തെ അംഗം പിന്തുണ പിൻവലിച്ചാൽ ഇവിടെ ഭരണം നഷ്ടമാകും. Read on deshabhimani.com

Related News