കേരളവിരുദ്ധ പ്രചാരണത്തിന്‌ 
വിക്രാന്ത്‌ മറുപടി : എളമരം കരീം



കൊച്ചി കേരളത്തില്‍ ഒന്നും നടക്കില്ലെന്ന നുണപ്രചാരണത്തിനുള്ള മറുപടിയാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിലൂടെ കൊച്ചി കപ്പല്‍ശാല നല്‍കിയിരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാവികസേനയ്ക്ക് കൈമാറിയ കപ്പല്‍ശാലയെയും തൊഴിലാളികളെയും സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തില്‍  ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലയുടെ പ്രാധാന്യവും ശേഷിയും അടിവരയിടുന്നതാണ് വിക്രാന്തിന്റെ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു. കപ്പല്‍ശാലയ്ക്കും ജീവനക്കാര്‍ക്കും അദ്ദേഹം ഉപഹാരങ്ങള്‍ നല്‍കി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ആശംസയറിയിച്ചു. കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ് നായര്‍, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, മേയര്‍ എം അനില്‍കുമാര്‍, തമ്പാന്‍ തോമസ്, പി രാജു, കെ എന്‍ ഗോപി, ജോണ്‍ ലൂക്കോസ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, എ ജി ഉദയകുമാര്‍, രഘുനാഥ് പനവേലി, കെ കെ ഇബ്രാഹിം കുട്ടി, ടി കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ സതീഷ് സ്വാഗതവും എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News