എളമരം കരീമിന്റെ സസ്‌പെൻഷൻ ചട്ടം ലംഘിച്ച് ; കുറ്റം ആരോപിക്കുന്ന രാജ്യസഭാബുള്ളറ്റിനിൽ കരീമിന്റെ പേരില്ല



ന്യൂഡൽഹി സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിനെ സസ്‌പെൻഡ്‌ ചെയ്‌തത് സഭാ ചട്ടം ലംഘിച്ചെന്ന് വെളിപ്പെടുത്തുന്ന രേഖ പുറത്ത്. ‘സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തി’ എന്നാരോപിച്ച് രാജ്യസഭ പുറത്തിറക്കിയ പട്ടികയില്‍  എളമരം കരീമിന്റെ പേരില്ല. ആഗസ്‌ത്‌ 11ലെ രാജ്യസഭാ ബുള്ളറ്റിനില്‍ 33 എംപിമാരുടെ പേരിലാണ് ‘കുറ്റം’ ആരോപിക്കുന്നത്. സസ്‌പെൻഡ്‌ ചെയ്യപ്പെട്ട 12 പേരില്‍ എളമരം ഒഴികെ മറ്റ്‌ 11 പേരും പട്ടികയിലുണ്ട്. നിർണായക ബില്ലുകൾ അവതരിപ്പിക്കാനിരിക്കെ സിപിഐ എം രാജ്യസഭാ നേതാവിനെ മാറ്റിനിർത്താനുള്ള നീക്കമാണിതെന്ന ആക്ഷേപം ശക്തം. സഭയുടെ ദൈനംദിന പ്രവർത്തനം വിശദീകരിച്ച്‌ സെക്രട്ടറി ജനറൽ പുറത്തിറക്കുന്ന ഔദ്യോഗിക രേഖയാണ്‌ ബുള്ളറ്റിൻ. ആഗസ്‌ത്‌ 11ലെ ബുള്ളറ്റിനിൽ ഇടതുപക്ഷ എംപിമാരായ കെ സോമപ്രസാദ്‌, ജോൺ ബ്രിട്ടാസ്‌, ഡോ. വി ശിവദാസൻ, ബിനോയ്‌ വിശ്വം എന്നിവരുണ്ട്‌. ഭരണപക്ഷത്തിനും നേതൃത്വത്തിലുള്ള ബിജെപിക്കും പാർലമെന്റിനോടും പ്രതിപക്ഷത്തോടും ബഹുമാനമില്ലെന്നത്‌ വീണ്ടും വ്യക്തമായെന്ന് എളമരം കരീം മാധ്യമങ്ങളോട്‌ പറഞ്ഞു. പോരാട്ടം തുടരും എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിനെതിരെ സഭയ്ക്കകത്തും പുറത്തും പോരാട്ടം ഒറ്റക്കെട്ടായി തുടരാൻ ചൊവ്വാഴ്ച ചേർന്ന പ്രതിപക്ഷ യോഗം തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസും ടിആർഎസും ഉൾപ്പെടെ പങ്കെടുക്കും. ബുധൻ രാവിലെമുതൽ പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നിൽ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട എംപിമാർ ധർണ നടത്തും. മറ്റ്‌ പ്രതിപക്ഷ എംപിമാർ ഇരുസഭയിലും വിഷയം ഉന്നയിക്കും. ‘മാപ്പ്‌ പറയാൻ സവർക്കറല്ല’ മാപ്പ്‌ പറഞ്ഞാൽ സസ്‌പെഷൻ പിൻവലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട്‌ തള്ളി ഇടതുപക്ഷ എംപിമാർ. മാപ്പ്‌ പറയാൻ സവർക്കറല്ലെന്നും തെറ്റായ നടപടിക്കെതിരെ പോരാട്ടം തുടരുമെന്നും എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, ജോൺ ബ്രിട്ടാസ്‌ എന്നിവർ പറഞ്ഞു. രേഖയിൽ പേരില്ലാഞ്ഞിട്ടും കരീമിനെതിരെ നടപടി സ്വീകരിച്ചത്‌ എന്തിനാണെന്ന്‌ രാജ്യസഭാ അധ്യക്ഷൻ വിശദീകരിക്കണമെന്ന് ബിനോയ്‌ വിശ്വം പറഞ്ഞു ഏതെങ്കിലും പാർടി ഓഫീസിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എംപിമാർക്കെതിരെ നടപടി സ്വീകരിക്കുന്ന അവസ്ഥയാണെന്ന്‌ ജോൺ ബ്രിട്ടാസ്‌ എംപി പറഞ്ഞു. Read on deshabhimani.com

Related News