പാർലമെന്റ്‌ ഉദ്‌ഘാടനം ഹിന്ദുരാഷ്‌ട്രമാക്കാനുള്ള വിളംബരം: എളമരം കരീം



തിരുവനന്തപുരം രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള വിളംബരമായിരുന്നു പാർലമെന്റ്‌ ഉദ്‌ഘാടനമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി.  എൻജിഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മുതലാളിത്ത വ്യവസ്ഥ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന മുതലാളിത്ത ശക്തികളാണ്‌ ഇതിന്‌ പിന്തുണ നൽകുന്നത്‌. ബിജെപിയും ആർഎസ്‌എസും ആധുനിക ശാസ്‌ത്രത്തിനും ആധുനിക ചിന്തയ്‌ക്കും നിരക്കാത്ത കാര്യങ്ങൾ പറയുന്നത്‌ ശാസ്‌ത്രവും പുതിയ ടെക്‌നോളജിയും ഒഴിവാക്കിക്കൊണ്ടല്ല. അതേ സങ്കേതങ്ങൾ ഉപയോഗിച്ചാണ്‌ പറയുന്നത്‌. ജനങ്ങളുടെ  മനസ്സിനെ പഴഞ്ചൻ വ്യവസ്ഥയിൽ തളച്ചുനിർത്തുകയും സമ്പത്ത്‌ കുത്തകകൾക്ക്‌ ഏൽപ്പിച്ചുകൊടുക്കുകയുമാണ്‌. പ്രാകൃതരായ രാഷ്‌ട്രാധികാരികൾ അടിച്ചേൽപ്പിക്കുന്ന വിജ്ഞാനവിരുദ്ധ വിശ്വാസങ്ങളോടും ഈ അന്ധകാരത്തോടും പോരാടിക്കൊണ്ടുമാത്രമേ നമ്മുടെ രാഷ്‌ട്രനിർമാണം നടക്കൂയെന്ന ബോധ്യം എല്ലാവരിലുമുണ്ടാകണം. സംഘപരിപാർ ദേശീയതയെ പരിഗണിക്കുന്നത്‌ മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും അടിസ്ഥാനത്തിൽ അല്ല. മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌. മതനിരപേക്ഷ രാഷ്‌ട്രത്തിന്റെ പുതിയ പാർലമെന്റ്‌ മന്ദിരം ഒരു മതത്തിന്റെമാത്രം ആചാര അനുഷ്‌ഠാനങ്ങൾ അനുസരിച്ച്‌ ഉദ്‌ഘാടനംചെയ്‌ത കേന്ദ്രസർക്കാർ നിലപാട്‌ മതപരമായ ചേരിതിരിവിന്‌ കാരണമാകും. ആ ചേരിതിരിവ്‌ ഇന്ന്‌ ശക്തമായി രാജ്യത്തുണ്ട്‌. മനുഷ്യവംശം പരസ്‌പരം  യുദ്ധംചെയ്‌തുകൊണ്ടേ ഇരിക്കുകയാണെന്നാണ്‌ നാസി ബ്രദേഴ്‌സ്‌ സിദ്ധാന്തം. അതുതന്നെയാണ്‌ സംഘപരിവാറിന്റെയും സിദ്ധാന്തമെന്നും എളമരം കരീം പറഞ്ഞു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ പ്രസാദ്, കെ എസ്ഇബിഡബ്ല്യുഎ ജനറൽ സെക്രട്ടറി എസ് ഹരിലാൽ, കെഡബ്ല്യുഎഇയു ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം വിജയകുമാർ, കെഎസ്ഇബിഒഎ പ്രസിഡന്റ് എം ജി സുരേഷ് കുമാർ, ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ബൈജു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News