കർഷക രോഷത്തിൽ കേന്ദ്രസർക്കാർ വീഴും: എളമരം കരീം എംപി



കോഴിക്കോട്‌> രാജ്യത്താകമാനം പടർന്നുകയറുന്ന കർഷകരോഷത്തിൽ കേന്ദ്രസർക്കാർ നിലംപരിശാവുമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. സഹനത്തിന്റെ അവസാന പടിയിൽ നിന്നാണ്‌ കർഷകർ സമരം തുടങ്ങിയത്‌. ജീവിക്കാൻ അനുവദിക്കാത്ത നിയമങ്ങൾ റദ്ദാക്കണമെന്നും അല്ലെങ്കിൽ ഈ ഭരണം തന്നെ മാറ്റുമെന്ന ഉറച്ച തീരുമാനത്തിലാണ്‌ കർഷകർ ഡൽഹിയിലെത്തി സമരം തുടരുന്നത്‌.   ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ സമരം നടത്തുന്നവരോട്‌ ചർച്ചയ്ക്ക്‌  തയ്യാറാവാത്ത സമീപനമാണ്‌ കേന്ദ്രത്തിന്റേത്‌. ഇതിനെതിരായ ശക്തമായ പ്രതിഷേധമാണ്‌   രാജ്യത്ത്‌ ഉയരുന്നത്‌. ഇത്‌ അവഗണിച്ചാൽ സർക്കാർ വലിയ വില നൽകേണ്ടിവരും.  കേന്ദ്ര സർക്കാർ എല്ലാ മേഖലകളും കുത്തകകൾക്ക്​ തീറെഴുതുകയാണ്‌.  ദേശീയപാത, റെയിൽവേ, തുറമുഖം, വിമാനത്താവളം, മൊബൈൽ ടവർ, വൈദ്യുതി പ്രസരണ ലൈൻ എന്നിവയെല്ലാം കേന്ദ്രം വിറ്റുതുലയ്‌ക്കുകയാണ്​. ജനാധിപത്യത്തെയടക്കം വിലയ്‌ക്കെടുത്ത്​ ജനവിരുദ്ധ നിയമങ്ങളുണ്ടാക്കി കർഷകരെയും ദ്രോഹിക്കുന്നു​.   ഉൽപ്പന്നങ്ങൾ സ്വതന്ത്രമായി വിൽക്കാമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം കുത്തകകളെ സഹായിക്കാനാണെന്നും  എളമരം  പറഞ്ഞു.  സംയുക്ത കിസാൻ മോർച്ച നടത്തുന്ന ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള  ഹർത്താലിന്റെ ഭാഗമായി കോഴിക്കോട്‌ മെഫ്യൂസിൽ ബസ്‌സ്റ്റാൻഡ്‌ പരിസരത്തെ  പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read on deshabhimani.com

Related News