വര്‍​ഗീയതക്കെതിരെ തൊഴിലാളികളുടെ പോരാട്ടം അനിവാര്യം: എളമരം കരീം



തിരുവല്ല> വർ​ഗീയതക്കെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ആണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. തിരുവല്ലയിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളികൾ കൂട്ടായ വിലപേശലിലൂടെ  നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കേന്ദ്രസർക്കാർ ഇല്ലാതാക്കുകയാണ്. തൊഴിൽസംരക്ഷണ നിയമങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കി. വ്യവസായ വികസനത്തിന് തൊഴിലാളിയാണ് തടസ്സം എന്ന കാഴ്ചപ്പാടാണ് ബിജെപി സർക്കാരിനുള്ളത്.  പൊതുമേഖലകളെല്ലാം സ്വകാര്യവൽക്കരിക്കുന്നു.  പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിച്ച സർക്കാർ ഇപ്പോൾ റോഡും പാലങ്ങളും അടക്കം എല്ലാം പാട്ടത്തിന്  കൊടുക്കുന്നു. കുത്തകകളുടെ താൽപര്യസംരക്ഷണം  മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ശതകോടീശ്വരൻമാരുടെ എണ്ണം പെരുകുമ്പോള്‍ സമൂഹത്തിൽ അസമത്വം വർധിക്കുന്നു. അസംഘടിത മേഖലയിലാണ് ഭൂരിപക്ഷം ജനങ്ങളും. അവർ വല്ലാതെ  ബുദ്ധിമുട്ടുന്നു. കേന്ദ്രനയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര ഭരണ നേതൃത്വം വർഗീയതയെ കൂട്ടുപിടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും തൊഴിലാളികളുടെ വിലപേശൽ ഇല്ലാതാക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എല്ലാ വിഭാഗം തൊഴിലാളികളുടെയും യോജിച്ച പോരാട്ടത്തോടൊപ്പം വർ​ഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രചാരണത്തിനും രംഗത്തിറങ്ങണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. 29 മുതൽ 31 വരെ സിഐടിയു നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി വർ​ഗീയവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും എളമരം പറഞ്ഞു. Read on deshabhimani.com

Related News