പൊതുവിദ്യാലയങ്ങളിൽ പുതിയ 2 ലക്ഷം വിദ്യാർഥികൾ; കർമപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്‌



തിരുവനന്തപുരം > അടുത്ത അധ്യായന വർഷം പുതിയ 2 ലക്ഷം വിദ്യാർഥികളെ പൊതുവിദ്യാലയത്തിലെത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ്‌. ഒന്ന്‌, അഞ്ച്‌, എട്ട്‌ ക്ലാസിൽ കൂടുതൽ പേരെ ചേർക്കും. ഇതിനായി അധ്യാപകരുടെയും പിടിഎയുടെയും സഹായത്തോടെ അവധിക്കാല പ്രവർത്തനം ആസൂത്രണം ചെയ്യും. അഞ്ച്‌ വർഷത്തിനിടെ 9.34 ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ പുതുതായെത്തി. 2021 ലായിരുന്നു റെക്കോഡ്‌; 2,54,642 വിദ്യാർഥികൾ. മുഴുവൻ സ്‌കൂളിലെയും ക്ലാസ്‌ അധ്യാപകർ വിദ്യാർഥികളുടെ വീട്ടിലെത്തും. പഠന, ജീവിത സാഹചര്യം നേരിട്ട്‌ മനസ്സിലാക്കും. കോവിഡ്‌കാല പഠനാനുഭവം ചോദിച്ചറിയും. സന്ദർശന റിപ്പോർട്ട്‌ മെയ്‌ രണ്ടാംവാരത്തിലെ അധ്യാപക പരിശീലനത്തിൽ ചർച്ച ചെയ്യും. ഒന്നാംക്ലാസിൽ വിദ്യാർഥികളെ ചേർക്കാൻ പ്രധാനാധ്യാപകർക്ക്‌ അനുമതി നൽകി. മറ്റു ക്ലാസിലെ പ്രവേശനം സ്ഥാനക്കയറ്റനടപടി പൂർത്തിയാക്കിയശേഷം. ഒന്നുമുതൽ എട്ടുവരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സ്ഥാനക്കയറ്റം നൽകും. ഇത്‌ മെയ്‌ നാലിനകം പൂർത്തിയാക്കും. ഒമ്പതാം ക്ലാസിൽ സ്ഥാനക്കയറ്റം ലഭിക്കാത്തവർക്ക്‌ മെയ്‌10നകം സേ പരീക്ഷ നടത്തണം. പ്രവേശന നടപടി ലളിതമാക്കണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. Read on deshabhimani.com

Related News