കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും മാനസിക സംഘര്‍ഷം പരിഹരിക്കാൻ നിരവധി പരിപാടികൾ നടപ്പിലാക്കുന്നു: മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം > ‌കോവിഡ്‌ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാൽ കുട്ടികളിലും രക്ഷകര്‍ത്താക്കളിലുമുണ്ടായിട്ടുള്ള മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ പരിപാടികൾ നടത്തുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ‘ഉള്ളറിയാന്‍’ എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്‌. കായികക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസുകളും വിക്‌ടേ‌ഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ഇപ്പോഴും നടക്കുന്നുണ്ട്. ജീവിത നൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ‘ഉല്ലാസപ്പറവകള്‍' എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തുനടന്നു വരുന്നു. ഈ പേരില്‍ പ്രത്യേക പഠന സാമഗ്രി തയ്യാറാക്കിയാണ് മുന്നോട്ടു പേകുന്നത്. കുട്ടികളുടെ മാനസിക ആരോഗ്യം ഈ പദ്ധതിയുടെ മുഖ്യപരിഗണനയാണ്. ഔര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍ (ഒആര്‍സി) എന്ന പദ്ധതിയും സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നു. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമം ഈ പരിപാടിയുടെ ലക്ഷ്യമാണ്. ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഊന്നല്‍ നല്‍കുന്നുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മനശാസ്‌ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്‌. ‌സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ തലത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കേന്ദ്രീകൃത മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ആ മൊഡ്യൂളിന്റെ അടിസ്ഥാനത്തില്‍ അധ്യാപകതല പരിശീലനം നല്‍കുന്നതാണ്. അപ്രകാരം പരിശീലനം ലഭിച്ച അധ്യാപകര്‍  ക്ലാസ് അടിസ്ഥാനത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. സ്‌കൂള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്കും ഈ ക്ലാസുകള്‍ നല്‍കുന്നതാണ്. Read on deshabhimani.com

Related News