എടവനക്കാട്‌ കൊലപാതകം ; നായയെ കുഴിച്ചിട്ടത്‌ എടവനക്കാട്‌ ബീച്ചിൽ



കൊച്ചി എടവനക്കാട്‌ വാച്ചാക്കലിൽ ഭാര്യയെ കൊലപ്പെടുത്തി മറവുചെയ്‌ത സ്ഥലം മാന്താൻ ശ്രമിച്ച വളർത്തുനായയെ സജീവ്‌ കൊന്ന്‌ കുഴിച്ചിട്ടത്‌ എടവനക്കാട്‌ ബീച്ചിലെന്ന്‌ സൂചന. നായയെ കൊന്നത്‌ താനാണെന്ന്‌ ഇയാൾ ആദ്യഘട്ട ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. ആവർത്തിച്ചുള്ള ചോദ്യംചെയ്യലിലാണ്‌ വീട്ടിൽനിന്ന്‌ രണ്ടു കിലോമീറ്റർ ദൂരെ എടവനക്കാട്‌ ബീച്ചിലാണ്‌ കുഴിച്ചിട്ടതെന്ന്‌ ഇയാൾ വെളിപ്പെടുത്തിയത്‌. നായ വൈറസ്‌ ബാധിച്ച്‌ ചത്തെന്നാണ്‌ ഇയാൾ അയൽക്കാരോട്‌ പറഞ്ഞത്‌. സജീവിനെ കൂടുതൽ ചോദ്യംചെയ്യുന്നതിന്‌ കസ്‌റ്റഡിയിൽ ലഭിക്കാൻ പൊലീസ്‌ തിങ്കളാഴ്‌ച ഞാറക്കൽ ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ അപേക്ഷ നൽകും. കസ്‌റ്റഡിയിൽ ലഭിച്ചശേഷം എടവനക്കാട്‌ ബീച്ചിൽ ഇയാളെ എത്തിച്ച്‌ നായയുടെ മൃതദേഹം കണ്ടെത്തും. നായയുടെ മൃതദേഹം കേസിൽ നിർണായക തെളിവാകുമെന്നാണ്‌ പൊലീസ്‌ നിഗമനം. രമ്യയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം വളർത്തുനായ മാന്തിത്തുടങ്ങിയപ്പോൾ സജീവ്‌ ഏറെ ഭയപ്പെട്ടിരുന്നു. എന്നാൽ, നായയെ കൊന്നത്‌ എങ്ങനെയാണെന്ന്‌ സജീവ്‌ പറഞ്ഞിട്ടില്ല. ഭക്ഷണത്തിൽ വിഷം കൊടുത്താകാമെന്ന്‌ പൊലീസ്‌ സംശയിക്കുന്നു. കൊന്നശേഷം രാത്രി ചാക്കിൽ കെട്ടി ബീച്ചിൽ കുഴിച്ചിട്ടെന്നാണ്‌ സജീവ്‌ പറയുന്നത്‌. വാടകവീടിന്റെ ടെറസിനുമുകളിൽ വച്ച്‌ ഭാര്യ രമ്യയെ കൊന്ന്‌ ഒറ്റയ്‌ക്ക്‌ മൃതദേഹം പടികളിലൂടെ ചുമന്നിറക്കിയെന്നാണ്‌ സജീവ്‌ പൊലീസിനോട്‌ പറഞ്ഞത്‌. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌.   Read on deshabhimani.com

Related News