ഇ വോട്ടിങ്‌‌: ചരിത്രം സൃഷ്‌ടിച്ച്‌ സഭ



തിരുവനന്തപുരം ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം വോട്ടിനിട്ടപ്പോൾ ഇ വോട്ടിങ്‌‌ നടത്തി നിയമസഭ മറ്റൊരു ചരിത്രം കുറിച്ചു. പൂർണമായി ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറിയതിന്റെ ഭാഗമായാണ്‌ ഡിജിറ്റൽ വോട്ടിങ്‌ നടത്തിയത്‌. പ്രമേയത്തെ അനുകൂലിച്ച്‌ 75 പേരും എതിർത്ത്‌ 33 പേരും വോട്ട്‌ രേഖപ്പെടുത്തിയതോടെ പ്രമേയം പാസായി.  സാങ്കേതിക തകരാർ കാരണം പ്രതിപക്ഷ നേതാവിന്റെ വോട്ട്‌ മോണിറ്ററിൽ തെളിഞ്ഞില്ലെങ്കിലും അവയും കൂട്ടിയാണ്‌ എതിർക്കുന്നവരുടെ എണ്ണം 33 ആയത്‌.  മൂന്ന് ദിവസത്തെ ചർച്ചയ്‌ക്ക് ശേഷം  നന്ദിപ്രമേയം പാസാക്കുന്ന ഘട്ടത്തിലാണ് സ്പീക്കർ ഇ- വോട്ടിങ്‌ പ്രഖ്യാപിച്ചത്. എല്ലാ അംഗങ്ങളുടെയും ഇരിപ്പിടത്തിൽ സജ്ജീകരിച്ച കംപ്യൂട്ടർ സ്‌ക്രീനിലെ വിൻഡോയിൽ തെളിയുന്ന ‘യെസ്, നോ' ഓപ്ഷനുകളിൽ തൊട്ടാണ് വോട്ട് രേഖപ്പെടുത്തിയത്.  ആദ്യം റിഹേഴ്‌സൽ ആയിരുന്നു. അതിൽ പല അംഗങ്ങളുടെയും വോട്ട് സ്‌ക്രീനിൽ തെളിഞ്ഞില്ല. തുടർന്ന് വീണ്ടും റിഹേഴ്‌സൽ ആകാമെന്ന് സ്പീക്കർ അറിയിച്ചു.  അനുകൂലിക്കുന്നവർ 70 ഉം എതിർക്കുന്നവർ 32 എന്ന നിലയാണ് ദൃശ്യമായത്. തുടർന്ന്  യഥാർഥ  വോട്ടിങ്ങിലേക്ക് കടന്നു. Read on deshabhimani.com

Related News