കേരളത്തിന് ഹൈസ്‌പീഡ്‌ റെയിൽ വേണ്ടെന്ന്‌ ഇ ശ്രീധരൻ; ബിജെപിയിൽ ചേർന്നതോടെ നിലപാട്‌ മാറിയോ എന്ന്‌ സമൂഹമാധ്യമങ്ങൾ



കൊച്ചി > എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഹൈസ്‌പീഡ്‌ റെയിൽ (സിൽവർലൈൻ) വിഷയത്തിൽ നിലപാട്‌ മാറിയ മെട്രോമാൻ ഇ ശ്രീധരനോട്‌ ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങൾ. അഞ്ച്‌ വർഷം മുൻപ്‌ പദ്ധതിക്ക്‌ അനുകൂലമായി പ്രതികരിച്ചിരുന്ന ശ്രീധരൻ ബിജെപിയിൽ ചേർന്നതിന്‌ ശേഷമാണോ പദ്ധതിയ്‌ക്ക്‌ എതിരായതെന്നാണ്‌ പ്രധാനചോദ്യം. മുൻപ്‌ പദ്ധതിയെ അനുകൂലിച്ച്‌ സംസാരിച്ചതിന്റെ വാർത്താ ഭാഗങ്ങളും, ചാനലുകളുടെ വീഡിയോകളും അടക്കം പോസ്‌റ്റ് ചെയ്‌താണ്‌ ചോദ്യങ്ങൾ. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിലും, പത്രങ്ങളിൽ എഴുതിയ ലേഖനങ്ങളിലും ഈ പദ്ധതി കേരളത്തിൽ നടക്കാൻ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. 2016 ഫെബ്രുവരിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ശ്രീധരൻ പദ്ധതിയെ അനുകൂലിക്കുകയും, ഏറ്റെടുക്കാൻ താൽപര്യം അറിയിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ കറങ്ങുന്നുണ്ട്‌. അന്ന്‌ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സർക്കാർ ആയിരുന്നു കേരളം ഭരിച്ചിരുന്നത്‌. കോൺഗ്രസ്‌ നേതാവും എറണാകുളം എം.പിയുമായിരുന്ന കെ വി തോമസ്‌ അതിന്‌ കയ്യടിച്ച്‌ പ്രോത്സാഹനം നൽകുന്നതും കാണാം. "ഞാൻ തികഞ്ഞ ഉത്സാഹത്തോടെ ഹൈ സ്‌പീഡ്‌ റെയിൽ പദ്ധതി ഏറ്റെടുക്കും. എന്റെ അഭിപ്രായത്തിൽ മറ്റൊരു ഹൈ സ്‌പീഡ്‌ റെയിൽ ഇല്ലാതെ കേരളത്തിന്‌ പിടിച്ചുനിൽക്കാൻ കഴിയില്ല' - എന്നായിരുന്നു മുൻപ്‌ സിൽവർലൈൻ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്‌. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ പറഞ്ഞത്‌ മുൻ നിലപാടുകളെ ഒന്നാകെ മറന്നുകൊണ്ടുള്ള പ്രതികരണമായിരുന്നു. പദ്ധതി കേരളത്തെ വിഭജിക്കും എന്ന യുഡിഎഫ്‌ ബിജെപി പ്രചാരണങ്ങൾതന്നെയായിരുന്നു ശ്രീധരനും ആവർത്തിച്ചത്‌. നേരത്തെ പദ്ധതിക്കെതിരെ കെ സുരേന്ദ്രനും ലീഗ്‌, കോൺഗ്രസ്‌ നേതാക്കളുമടക്കം പങ്കെടുത്ത്‌ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കെ കെ രമ എംഎൽഎയടക്കം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. വികസനത്തെക്കുറിച്ചും തടസ്സങ്ങളില്ലാത്ത ബിസിനസിനെക്കുറിച്ചും മറ്റും വാതോരാതെ സംസാരിക്കുന്ന മോദി സർക്കാർതന്നെയാണ്‌ കേരളത്തിന്റെ സ്വപ്‌നപദ്ധതിയെ ദുർബലപ്പെടുത്തുന്ന നയവുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌.   Read on deshabhimani.com

Related News