പാലാരിവട്ടം പാലം ഇങ്ങനെ നിലനിർത്താനാകില്ല: ഇ ശ്രീധരൻ



കൊച്ചി > ചെന്നൈ ഐഐടിയുടെ അന്തിമറിപ്പോർട്ട‌ുകൂടി പരിഗണിച്ചശേഷം പാലാരിവട്ടം മേൽപ്പാലത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ തീരുമാനിക്കുമെന്ന‌് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ‌് ഇ ശ്രീധരൻ പറഞ്ഞു. പാലം പൊളിച്ചുകള‌ഞ്ഞ‌് പുനർനിർമിക്കുന്നത‌് വൻ സാമ്പത്തിക ചെലവിനിടയാക്കും. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ തുടരാനാകില്ലെന്നും ഡിഎംആർസി ഓഫീസിൽ ചേർന്ന വിദഗ്ധരുടെ യോഗത്തിന‌ുശേഷം അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മേൽപ്പാലത്തിൽ രാവിലെ നടത്തിയ പരിശോധനയ‌്ക്ക‌ുശേഷമായിരുന്നു യോഗം. പെട്ടെന്ന‌് എന്തെങ്കിലും പരിഹാരം നിദേശിക്കാനാകില്ല. മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച‌ുള്ള പരിശോധനയാണ‌് നടന്നത‌്. അതിന്റെമാത്രം അടിസ്ഥാനത്തിൽ റിപ്പോർട്ട‌് നൽകാനാകില്ല. ചെന്നൈ ഐഐടിയാണ‌് പാലത്തിന്റെ ബലക്ഷയം പഠിച്ചത‌്. അവരുടെ ഇടക്കാല റിപ്പോർട്ടിൽതന്നെ ഇതുസംബന്ധിച്ച കണ്ടെത്തലുകളുണ്ട‌്. പാലത്തിലെ കുഴപ്പങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന നിർദേശങ്ങൾ അന്തിമ റിപ്പോർട്ടിലാണുണ്ടാകുക. അത‌ുകൂടി പരിശോധിച്ച‌് തുടർനടപടികൾ തീരുമാനിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലത്തിൽ തിങ്കളാഴ‌്ച രാവിലെ എട്ടിന‌് തുടങ്ങിയ വിദഗ്ധസംഘത്തിന്റെ പരിശോധന ഒന്നരമണിക്കൂറിലേറെ നീണ്ടു. ചെന്നെ ഐഐടിയിലെ പ്രൊഫ. അളഗസുന്ദരമൂർത്തി, സ‌്ട്രക‌്ചറൽ എൻജിനിയറിങ്‌ രംഗത്തെ പ്രമുഖൻ പ്രൊഫ. മഹേഷ‌് ഠണ്ടൻ, പാലം നിർമാണത്തിന്റെ ചുമതലക്കാരായിരുന്ന ആർബിഡിസികെയിലെ എൻജിനിയർമാർ, ഡിഎംആർസി ചീഫ‌് എൻജിനിയർമാരായ കേശവചന്ദ്രൻ, കെ ജെ ജോസഫ‌്, പ്രോജക്ട‌് ഡയറക്ടർ രാജൻ തോമസ‌്, ശ്രീഹരി കൺസ‌്ട്രക‌്ഷനിലെ ഷൈൻ വർഗീസ‌് തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പാലാരിവട്ടം പാലത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ‌് ഡിവൈഎസ‌്പി ആർ  അശോക‌്കുമാറും ഇ ശ്രീധരനെ സന്ദർശിച്ചു. Read on deshabhimani.com

Related News