അവിശുദ്ധ കൂട്ടുകെട്ടിന്റെ ‘മെട്രോലൈൻ’; ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും അഴിമതികളോട് അന്ന് പുച്ഛം; ഇന്ന് സ്തുതി



തിരുവനന്തപുരം > ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി സ്‌തുതിയോടെ ഇ ശ്രീധരൻ യുഡിഎഫ്‌-ബിജെപി സഖ്യത്തിന്റെ ‘മെട്രോ ലൈൻ’ ആണെന്ന്‌ കൂടുതൽ വ്യക്തമായി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി  സ്വയം അവരോധിതനായി മുന്നോട്ടുവന്ന ശ്രീധരൻ, യുഡിഎഫിനുവേണ്ടി വിചിത്ര വാദങ്ങളാണ്‌ നിരത്തുന്നത്‌. കോവിഡ്‌ കാലത്ത്‌ ‘‘ലോകത്ത്‌ ഒരിടത്തും ഈ കരുതലില്ലെന്ന്’’‌ കേരള ‌ സർക്കാരിനെ പുകഴ്‌‌ത്തിയ‌ മെട്രോമാൻ, ഇപ്പോൾ പ്രതിപക്ഷംപോലും അറയ്‌‌ക്കുന്ന വിമർശമാണ്‌ ഉയർത്തുന്നത്‌. ബിജെപിക്കും യുഡിഎഫിനുംവേണ്ടി ഒരേ സ്വരത്തിൽ നടത്തുന്ന വിമർശങ്ങളും അവിശുദ്ധ രാഷ്‌ട്രീയ സഖ്യത്തിന്റെ കേളികൊട്ടായി മാറി. മികച്ച എൻജിനിയറായി‌ ജനങ്ങൾക്കിടയിൽ സ്വീകാര്യനായിരുന്ന ശ്രീധരൻ നടന്നുകയറുന്നത്‌ രാഷ്‌ട്രീയ ദുരന്തത്തിലേക്കാണ്.‌ ബിജെപിയിൽ ചേരുമെന്ന്‌  പ്രഖ്യാപിച്ച്‌ രാഷ്‌ട്രീയ കളത്തിലിറങ്ങിയ അദ്ദേഹം ഇപ്പോൾ യുഡിഎഫിന്‌ കുഴലൂതുന്നു‌. മുഖ്യമന്ത്രിയെ വ്യക്തിപരമായി വിമർശിക്കുന്നതിനൊപ്പം ജനങ്ങൾ നിരാകരിച്ച നിലപാടിനെ‌ ചുമക്കുകയും ചെയ്യുന്നു.  ഉമ്മൻചാണ്ടിയെയും ആര്യാടൻ മുഹമ്മദിനെയും കുഞ്ഞാലിക്കുട്ടിയെയും ഒരിക്കൽ പുച്ഛത്തോടെ സമീപിച്ച അദ്ദേഹം ഇപ്പോൾ അവർക്ക‌ുവേണ്ടി മലക്കം മറിയുന്നു‌. കൊച്ചി മെട്രോറെയിൽ പദ്ധതി മുടക്കാൻ ആര്യാടന്റെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ ശ്രീധരനെതിരെ നടത്തിയ കരുനീക്കങ്ങൾ ജനം മറന്നിട്ടില്ല. യുഡിഎഫ് സർക്കാരുമായി പിണങ്ങി പദ്ധതിയിൽനിന്ന്‌ ഒരു ഘട്ടത്തിൽ പിൻവാങ്ങാൻവരെ അദ്ദേഹം തയ്യാറായി. ഇതിനുപിന്നിലെ വൻ അഴിമതി ലക്ഷ്യവും അന്ന്‌ ചർച്ചയായി. ശ്രീധരനെ തുരത്തി ഓടിക്കാനുള്ള ശ്രമമായിരുന്നു അരങ്ങേറിയത്‌. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും മന്ത്രിമാരായിരുന്ന കെ ബാബു, ആര്യാടൻ മുഹമ്മദ്‌, കുഞ്ഞാലിക്കുട്ടി എന്നിവരൊക്കെയായിരുന്നു അന്ന്‌ മറഞ്ഞിരുന്ന്‌ ചരടുവലിച്ചത്‌. അതെല്ലാം വിസ്‌മരിച്ചാണ്‌ ഇപ്പോൾ ഉമ്മൻചാണ്ടി സ്‌തുതി.  ബിജെപി ഭരണത്തിൽ വരില്ലെന്ന്‌ ശ്രീധരന്‌ ഉറപ്പാണ്‌. എൽഡിഎഫിന്‌ ഭരണത്തുടർച്ചയുണ്ടായാൽ രാഷ്‌ട്രീയത്തിന്‌ അപ്പുറമുള്ള ചില മോഹങ്ങൾക്ക്‌ വിലങ്ങുതടിയാകുകയും ചെയ്യും. അപ്പോൾ യുഡിഎഫിനും ബിജെപിക്കും ഇടയിൽ ഹൈസ്‌പീഡ്‌ ലൈൻ വലിച്ച്‌ നേട്ടം കൊയ്യാനാകുമോയെന്നാണ്‌ നോട്ടം. നല്ല നിലയിൽ പുരോഗമിക്കുന്ന റെയിൽ പദ്ധതിയെവരെ വിവാദത്തിലേക്ക്‌ വലിച്ചിടുന്നത്‌ ഇതിന്റെ ഭാഗമാണ്‌. യുഡിഎഫ്‌ സർക്കാർ അഴിമതി പ്രതീകവൽക്കരിച്ചതിന്‌ തെളിവായ പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിന്‌ ഈ  സർക്കാർ ആശ്രയിച്ചത്‌  ശ്രീധരനെയാണ്‌. ഉമ്മൻചാണ്ടി സർക്കാരിന്‌ തുറന്ന സമീപനമായിരുന്നുവെന്നാണ്‌ ഇപ്പോഴത്തെ  നിലപാട്‌‌. Read on deshabhimani.com

Related News