പ്രതിപക്ഷ നേതാവ്‌ നിയമസഭയുടെ അന്തസ്സ്‌ കെടുത്തരുത്‌: ഇ പി ജയരാജൻ



കണ്ണൂർ> നിയമസഭയുടെ അന്തസ്‌ കെടുത്തുന്ന പ്രവർത്തനങ്ങളാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റേതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ജനങ്ങളെയാകെ അപമാനിക്കുന്ന ഇത്തരം കോപ്രായങ്ങൾ ഉപേക്ഷിച്ച്‌ ചട്ടങ്ങൾക്ക്‌ അനുസരിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാകണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദിവസവും ഏതെങ്കിലും വിഷയത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരിക, ചട്ടപ്രകാരമല്ലാത്തതിന് അനുമതി നിഷേധിച്ചാലും എഴുന്നേറ്റുനിന്ന് പ്രസംഗിക്കുക, പുറത്തിറങ്ങി വാർത്താസമ്മേളനം നടത്തുക എന്നിങ്ങനെയാണ്‌ കാര്യപരിപാടി. അടിയന്തര പ്രമേയം എന്താണെന്ന സാമാന്യധാരണപോലും ഇല്ലാതെയാണ് പെരുമാറുന്നത്‌. സഭയിൽ മൊബൈൽ ഫോണുകളോ പേജറുകളോ ഉപയോഗിക്കാൻ പാടില്ല. നിയമസഭയ്ക്കകത്തും ഇടനാഴിയിലെ സ്‌പീക്കറുടെ ഓഫീസിനു മുന്നിലുമുള്ള ദൃശ്യങ്ങൾ പ്രതിപക്ഷ എംഎൽഎമാരും അവരുടെ പിഎമാരും ചിത്രീകരിച്ച്  മാധ്യമങ്ങൾക്ക്‌ കൈമാറുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ എംഎൽഎമാർ യോഗം ചേർന്ന് ഗൂഢാലോചന നടത്തിയാണ് സ്പീക്കറെ ആക്രമിക്കാൻ പദ്ധതിയിട്ടത്. സഭയിൽ പ്രതിപക്ഷ അംഗങ്ങൾ സ്‌പീക്കറെ അവഹേളിച്ചപ്പോൾ മറുപടി പറഞ്ഞ മന്ത്രി മുഹമ്മദ്‌ റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും കുടുംബത്തെ വലിച്ചിഴയ്ക്കാനുമാണ്‌ ശ്രമിച്ചതെന്നും ഇ പി പറഞ്ഞു. Read on deshabhimani.com

Related News