വായ്പാ ആപ്‌: നിയമനിർമാണം പരിശോധിക്കും



തിരുവനന്തപുരം വായ്പാ ആപ്പുകൾ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്‌നം കണക്കിലെടുത്ത്‌ നിയമനിർമാണം നടത്തുന്നത്‌ സർക്കാർ പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രിക്കു വേണ്ടി  മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.  കെ എസ്‌ ശബരീനാഥിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഷയം ഗൗരവത്തോടെയാണ്‌ കാണുന്നത്‌.  മറ്റ്‌ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ്‌ ഈ തട്ടിപ്പു കമ്പനികൾ പ്രവർത്തിക്കുന്നത്‌. ഇവരുടെ ചതിക്കുഴിയിൽപ്പെട്ട നിരവധി പേർ കേരളത്തിലുണ്ട്‌. 63 പരാതികളാണ്‌ ലഭിച്ചത്‌. പൊലീസിന്റെ ഹൈടെക്‌ സെല്ലും ക്രൈം ബ്രാഞ്ചുമാണ്‌ അന്വേഷിക്കുന്നത്‌. ഒമ്പത്‌ പരാതികളിൽ കേസ്‌ രജിസ്റ്റർ ചെയ്തു. രണ്ടു കേസുകളിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി. 400ലേറെ ആപ്പുകൾ നിലവിലുണ്ട്‌. അപേക്ഷിച്ച തുകയുടെ 30 ശതമാനം കുറച്ചാണ്‌ വായ്പ നൽകുന്നത്‌. തിരിച്ചടവ്‌ മുടങ്ങിയാൽ ഭീഷണിയും അപകീർത്തിപ്പെടുത്തലും. ഓൺലൈൻ റമ്മികളിയിലും നിരവധി പേർക്ക്‌ പണം നഷ്ടമായിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശി വിനീത്‌ ആത്മഹത്യ ചെയ്തത്‌ ഇങ്ങനെ പണം നഷ്ടപ്പെട്ടിട്ടാണ്‌. ഓൺലൈൻ  തട്ടിപ്പുകൾ നിരീക്ഷിക്കാൻ സൈബർ ഡോമിന്‌ ചുമതല നൽകിയിട്ടുണ്ട്‌.  പൊലീസിന്റെ സാമൂഹ്യമാധ്യമം, ജനമൈത്രി, കുട്ടിപ്പൊലീസ്‌ എന്നിവ വഴി വ്യാപകമായ ബോധവൽക്കരണത്തിനും നിർദേശം നൽകിയിട്ടുണ്ടെന്ന്‌ മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News