സമയ ബന്ധിതമായി മുഴുവന്‍ ആശുപത്രികളിലും ഇ‐ഹെല്‍ത്ത് നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം > സമയ ബന്ധിതമായി സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രികള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ആ ആശുപത്രികളിലും ഇ‐ഹെല്‍ത്ത് നടപ്പിലാക്കുന്നതാണ്. വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ‐ഹെല്‍ത്ത് പദ്ധതി ആശുപത്രികളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. 150 ഓളം സ്ഥാപനങ്ങളില്‍ 5 മാസത്തിനുള്ളില്‍ ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനമുള്ള കാര്യമാണ്. ഈ സ്ഥലങ്ങളില്‍ ഓണ്‍ ലൈന്‍ ടോക്കണ്‍ സമ്പ്രദായം ലഭ്യമാണ്. 5 വര്‍ഷം കൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ വലിയ രീതിയില്‍ കുറച്ച് കൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വ്യക്തികളുടെ ആരോഗ്യ ചികിത്സാ ഡേറ്റ വളരെ പ്രധാനപ്പെട്ടതാണ്. ഡേറ്റ ശേഖരണത്തില്‍ ഇ-ഹെല്‍ത്ത് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. നിപാ വൈറസ് സമയത്ത് ഫീല്‍ഡ്തല സര്‍വയലന്‍സിന് ഇ‐ഹെല്‍ത്തിന്റെ സോഫ്റ്‌റുവെയര്‍ വലിയ സഹായമായിരുന്നു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ വളരെ പെട്ടന്നാണ് ഇ‐ഹെല്‍ത്ത് തയ്യാറാക്കിയത്. കോവിഡ് ഡാഷ് ബോര്‍ഡും ഇ‐ഹെല്‍ത്താണ് വികസിപ്പിച്ചത്. പഞ്ചായത്തടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഒരു ഡാഷ് ബോര്‍ഡ് ലഭ്യമാക്കാനാണ് അടുത്തതായി ഇ ഹെല്‍ത്ത് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News