ആലപ്പുഴയിൽ 60 ദിവസത്തിനിടെ 360 കേസ്‌; ലഹരിവല തകർക്കാൻ എക്‌സൈസ്‌



ആലപ്പുഴ > സിന്തറ്റിക്‌ മയക്കുമരുന്നുകൾ ഉൾപ്പെടെ ലഹരികളുടെ ഉപയോഗം തടയാൻ തുനിഞ്ഞിറങ്ങി എക്‌സൈസ്‌. ജില്ലയിൽ എക്‌സൈസ്‌ നടത്തിയ പരിശോധനകളിൽ 60 ദിവസത്തിനിടെ പിടിയിലായത്‌ 331 പേർ. ഓണം സ്‌പെഷ്യൽ ഡ്രൈവിലും പിന്നീട്‌ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ്‌ ഡ്രൈവിലുമായി ജില്ലയിൽ  360 കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌.   ആഗസ്‌ത്‌ അഞ്ചുമുതൽ സെപ്‌തംബർ 12 വരെ നീണ്ട ഓണം സ്‌പെഷ്യൽ ഡ്രൈവിൽ   245 കേസ്‌ രജിസ്‌റ്റർചെയ്‌തു. 186 അബ്‌കാരി കേസുകളിൽ 170 പേരും 59 നർകോട്ടിക്‌ കേസുകളിൽ 61 പേരും അഴിക്കുള്ളിലായി. അബ്‌കാരി കേസുകളിൽ ആറും നർകോട്ടിക്‌ കേസുകളിൽ ഒമ്പതും വാഹനങ്ങൾ പിടിച്ചെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയതിന്‌ 220 കോട്‌പ കേസുകളും രജിസ്‌റ്റർ ചെയ്‌തു. 90,060 പാക്കറ്റ്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പിഴയായി 44,000 രൂപ ഈടാക്കി.   സെപ്‌തംബർ 16ന്‌ ആരംഭിച്ച്‌ ഒക്‌ടോബർ അഞ്ചുവരെ നടത്തിയ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ്‌ ഡ്രൈവിൽ 115 കേസെടുത്തു. 65 അബ്‌കാരി കേസിലായി 53 പേരും 50 നർകോട്ടിക്‌ കേസിൽ 47 പേരും കുടുങ്ങി. പിടിയിലായവരിൽ സ്ഥിരം നർകോട്ടിക് കുറ്റവാളികളായ കാപ്പിരി വിഷ്‌ണുവും ഫ്രാങ്കോയുമുണ്ട്‌. എംഡിഎംഎ വിറ്റതിന്‌ ഇരവുകാട് പ്രദീപ്, സക്കറിയ വാർഡിൽ അൻസിൽ യൂസഫ്, കഞ്ചാവ് വിറ്റ തിരുവമ്പാടി സനൂബ്, സിവിൽ സ്‌റ്റേഷൻ വാർഡിൽ സുഹൈൽ എന്നിവരെ റിമാൻഡ്‌ ചെയ്‌തു. നർകോട്ടിക്‌ കേസിൽ ഏഴ്‌ വാഹനം പിടിച്ചെടുത്തു. 156 കോട്‌പ കേസിലായി 20 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. Read on deshabhimani.com

Related News