കൊറിയർവഴി ലഹരികടത്ത്‌: രണ്ടുപേർകൂടി പിടിയിൽ

മുഹമ്മദ് അഫ്‌സൽ, വിഷ്‌ണു


അങ്കമാലി > അങ്കമാലിയിലും കുട്ടമശേരിയിലും കൊറിയർ സ്ഥാപനംവഴി രാസലഹരി കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയിൽ. ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്‌സൽ (25), നെടുമ്പാശേരി അത്താണി പെരിക്കാട്ടിൽ വിഷ്‌ണു (24) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ചെങ്ങമനാട് നീലത്തുപള്ളത്ത് വീട്ടിൽ അജ്മലിനെ പൊലീസ് സെപ്‌തംബറിൽ അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ പാഴ്‌സൽവന്ന 200 ഗ്രാം എംഡിഎംഎ കൊണ്ടുപോകുമ്പോഴാണ് ഇയാൾ പിടിയിലായത്. തുടരന്വേഷണത്തിലാണ് കുട്ടമശേരി കൊറിയർ സ്ഥാപനംവഴി ബ്ലൂടൂത്ത് സ്പീക്കറിൽ കടത്താൻ ശ്രമിച്ച 200 ഗ്രാം എംഡിഎംഎകൂടി പിടിച്ചെടുത്തത്‌. മുംബൈയിൽനിന്നാണ്‌ രണ്ട്‌ കൊറിയറും അയച്ചത്‌. അഫ്‌സലാണ് അജ്മലിനൊപ്പം മുംബൈയിൽനിന്ന്‌ സാമ്പിൾ പരിശോധിച്ച് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവാണ് പ്രാദേശിക വിൽപ്പനക്കാരൻ. ചെറിയ പാക്കറ്റുകളാക്കിയാണ് വിൽപ്പന. നിരവധി കേസുകളിലെ പ്രതികളാണിവർ. മയക്കുമരുന്നുകടത്ത് തടയാൻ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക ഓപ്പറേഷനിലാണ് പ്രതികൾ കസ്റ്റഡിയിലായത്. ആലുവ ഡിവൈഎസ്‌പി  പി കെ ശിവൻകുട്ടി, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി  പി പി ഷംസ്, അങ്കമാലി ഇൻസ്‌പെക്ടർ പി എം ബൈജു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News