കേരളത്തിൽ 1200 കോടിയുടെ 
ലഹരിമരുന്ന്‌ നശിപ്പിച്ചു



  കൊച്ചി കൊച്ചി തീരത്തുനിന്ന്‌ പിടികൂടിയ കോടികൾ വിലവരുന്ന ഹെറോയിനുൾപ്പെടെയുള്ള 340 കിലോ ലഹരിമരുന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നശിപ്പിച്ചു. കൊച്ചി അമ്പലമുകളിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബയോ മെഡിക്കൽ മാലിന്യസംസ്‌കരണ പ്ലാന്റിലാണ് ലഹരിമരുന്ന് നശിപ്പിച്ചത്‌. ഇതിന്‌ ഏതാണ്ട് 1200 കോടിയിലധികം രൂപയുടെ മൂല്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിനിർമാർജന ദിനത്തിന്റെ ഭാഗമായി കൊച്ചി,  ചെന്നൈ, ബംഗളൂരു ഉൾപ്പെടെ രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽവച്ച് 9200 കിലോ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗളൂരുവിൽനിന്ന്‌ നടപടികള്‍ ഓണ്‍ലൈനായി കണ്ടു. കൊച്ചിയിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത 337 കിലോ ഹെറോയിനൊപ്പം മൂന്നരക്കിലോ ഹാഷിഷ് ഓയിലും നശിപ്പിച്ചവയിൽ ഉൾപ്പെടും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ബ്യൂറോ പിടിച്ച ലഹരിവസ്തുക്കൾ കൊച്ചിയിലെ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്. ആദ്യമായാണ് ഇത്രയും അളവില്‍ ലഹരിമരുന്ന് ശാസ്ത്രീയമാർഗത്തിലൂടെ നശിപ്പിക്കുന്നത്. 2021 ഏപ്രിലിൽ കൊച്ചി തീരത്തുനിന്നാണ് ശ്രീലങ്കൻ മീൻപിടിത്തബോട്ടിൽ 337 കിലോഗ്രാം ഹെറോയിൻ പിടികൂടിയത്. ഇതിന്‌ ഏകദേശം 500 കോടിയോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതേവർഷംതന്നെയാണ് കൊച്ചിയിലെ ഒരു കൊറിയർ കമ്പനിയിൽനിന്ന് ബഹ്റൈനിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ 3.50 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയത്‌. Read on deshabhimani.com

Related News