കൊച്ചിക്കടുത്ത്‌ കടലിൽ 1400 കോടിയുടെ ഹെറോയിനുമായി വിദേശികൾ പിടിയിൽ



കൊച്ചി കൊച്ചി തീരത്തിനടുത്ത്‌ 1400 കോടി രൂപയുടെ ഹെറോയിനുമായി ബോട്ട്‌ പിടികൂടി. നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന്‌ നടത്തിയ പരിശോധനയിലാണ് തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ ബോട്ട്‌ പിടിച്ചത്‌. ബോട്ടിലുണ്ടായിരുന്ന ആറുപേരെ കസ്റ്റഡിയിലെടുത്തു. നാലുപേർ ഇറാനികളും ഒരാൾ പാകിസ്ഥാനിയുമാണ്‌. ഒരാളുടെ സ്വദേശം വ്യക്തമല്ല. ഇവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക്‌ കൈമാറി. ഇവർ സഞ്ചരിച്ച ബോട്ടും നാവികസേന കസ്റ്റഡിയിലെടുത്തു. ഇറാനിൽ രജിസ്റ്റർ ചെയ്തതാണ്‌ ബോട്ട്‌. പുലർച്ചെ പിടിച്ചെടുത്ത ബോട്ട്‌ വ്യാഴം രാവിലെ എട്ടരയോടെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരുകിലോയുടെ പാക്കറ്റുകളായാണ്‌ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഇരുനൂറിലധികം പാക്കറ്റുകൾ പിടിച്ചെടുത്തെന്നാണ് വിവരം. പല വില നിലവാരത്തിൽ ഇറക്കുമതി ചെയ്യുന്ന ലഹരിമരുന്നാണ് ഇവരിൽനിന്ന്‌ പിടിച്ചെടുത്തത്. കൃത്യമായ വില നിർണയത്തിനായി ഹെറോയിൻ രാസപരിശോധനയ്ക്ക് അയച്ചു. കസ്റ്റഡിയിലെടുത്ത ആറുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ കൈയിൽ യാത്രാരേഖകളില്ലെന്നാണ്‌ വിവരം. ശ്രീലങ്കയിൽനിന്ന്‌ അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലേക്ക്‌ ലഹരിമരുന്ന്‌ കടൽവഴി കടത്തുന്നതായാണ്‌ സൂചന. രാജ്യത്ത്‌ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണിതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ അന്വേഷണത്തിന്‌ എൻസിബിയുടെ ഉന്നത ഉദ്യോഗസ്ഥർ അടുത്തദിവസം കൊച്ചിയിലെത്തും. Read on deshabhimani.com

Related News