കടലിലെ മുങ്ങിമരണങ്ങളില്‍ 95 ശതമാനവും നീന്തൽ അറിയുന്നവർ



തിരുവനന്തപുരം> സംസ്ഥാനത്ത് കടലിൽ മുങ്ങിമരിക്കുന്നവരിൽ 95 ശതമാനവും നീന്തൽ അറിയുന്നവർ. ഞായറാഴ്ച വർക്കലയിൽമാത്രം മൂന്നുപേരാണ് വിവിധ ബീച്ചുകളിൽ മുങ്ങിമരിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഒരു വർഷം സംസ്ഥാനത്തെ ശരാശരി മുങ്ങിമരണം 1500 ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇത്‌ രണ്ടായിരമായി ഉയർന്നു. ഇതിൽ 95 ശതമാനത്തിലധികവും നീന്തൽ അറിയുന്നവരാണ്‌. അതിൽത്തന്നെ കൂടുതലും 50 വയസ്സിൽ താഴെയുള്ളവരാണ്‌. 13 മുതൽ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തിൽപ്പെടുന്നു.     കാലാവസ്ഥാവ്യതിയാനം ശക്തമായതിനാൽ കടലിന്റെയും കടൽ തിരമാലകളുടെയും സ്വഭാവം പ്രവചിക്കുക സാധ്യമല്ലെന്നും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമേ അപകടങ്ങൾ ഒഴിവാക്കാനാകൂ എന്നും വിദഗ്ധർ പറയുന്നു. മദ്യപിച്ച് കടലിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. പുതുതലമുറയിലുള്ളവരിൽ ഇത്‌ കൂടുതൽ കാണാറുണ്ട്. രാത്രിയിൽ കടലിൽ ഇറങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.   തനിക്ക്‌ നീന്തലറിയാമെന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി  ഹസാർഡ്‌ അനലിസ്റ്റ്‌ സി ജെ സത്യകുമാർ പറഞ്ഞു. ഇറങ്ങുന്ന ജലാശയത്തിന്റെ സ്വഭാവം ആരും പഠിക്കാറില്ല. വെള്ളത്തിന്റെ സ്വഭാവം അപ്രതീക്ഷിതമായി മാറാം. വർക്കലയുടെ കാര്യത്തിൽ കടലെടുത്തുകൊണ്ടിരിക്കുന്ന പാറക്കെട്ടുകൾ നിരവധിയുള്ള ബീച്ചാണത്‌. അവിടെ കൂടുതൽ അപകടസാധ്യതയുണ്ട്‌. നമ്മുടെ സുരക്ഷ നമ്മുടെ കൈയിലാണെന്ന തിരിച്ചറിവാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News