പുഴ നീന്തിയെത്തിയത്‌ കൊടുംകാട്ടിൽ; ജീവൻ കൈയിൽപ്പിടിച്ച്‌ ഒരുരാത്രി



നിലമ്പൂർ കുത്തിയൊലിക്കുന്ന പുഴയിൽനിന്ന്‌ ബാബു നീന്തിക്കയറിയത്‌ കൊടുംകാട്ടിലേക്ക്, ഒരുരാത്രി മുഴുവൻ ‘കൂട്ടി’രുന്നത്‌ ആനയുടെ ചിന്നംവിളിയും തോരാമഴയുംമാത്രം. ഒടുവിൽ മരണത്തിന്റെ മറുകരയിൽനിന്നെന്നപോലെ ബാബുവിനെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിച്ച്‌ രക്ഷാപ്രവർത്തകർ. ചാലിയാർ പഞ്ചായത്തിലെ പ്ലാക്കൽച്ചോല പട്ടികവർഗ കോളനിയിലെ കുട്ടിപ്പെരകന്റെയും മാതവിയുടെയും മകൻ ബാബുവാണ്‌(23) ഒഴുക്കിൽപെട്ട്‌ ആഢ്യൻപാറ വനത്തിൽ കുടുങ്ങിയത്‌. ചൊവ്വ രാവിലെ പത്തിന്‌ കെഎസ്ഇബി ഡാം തൊഴിലാളികൾ ബാബുവിനെ കണ്ടതാണ്‌ രക്ഷയായത്‌. തിങ്കളാഴ്ച പകൽ 11.30ഓടെ കാഞ്ഞിരപ്പുഴ കടക്കുന്നതിനിടയിലായിരുന്നു അപകടം. വീഴ്‌ചയിൽ പാറക്കെട്ടിലിടിച്ചതിനാൽ ശരീരമാസകലം പരിക്കുപറ്റിയെങ്കിലും മരണവെപ്രാളത്തോടെ നീന്തുകയായിരുന്നു. അഗ്‌നിരക്ഷാസേനയും പൊലീസും എമർജൻസി റെസ്‌ക്യൂ ടീമും വനം അധികൃതരും നാട്ടുകാരും ചേർന്ന്‌ മണിക്കൂറുകൾനീണ്ട ശ്രമത്തിലൂടെ ബാബുവിനെ രക്ഷപ്പെടുത്തി.  ഭക്ഷണം എറിഞ്ഞുകൊടുത്തശേഷമായിരുന്നു രക്ഷാപ്രവർത്തനം. ചാലിയാർ എഫ്എച്ച്സിയിൽ പ്രാഥമിക ചികിത്സയ്‌ക്കുശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തീരായിരം വനത്തിലേക്ക് ഈന്ത് ശേഖരിക്കാൻ പോയപ്പോഴാണ്‌ ഒഴുക്കിൽപെട്ടതെന്ന്‌ ബാബു പറഞ്ഞു.  ‘പുഴയിൽ ഇറങ്ങിയപ്പോഴേക്കും മലവെള്ളം കുത്തിയൊലിച്ചെത്തി. എണ്ണൂറ് മീറ്ററോളം താഴേക്കുപോയി. പലതവണ പാറയിൽ പിടിച്ചെങ്കിലും ഒഴുക്കും വഴുക്കുംകാരണം രക്ഷപ്പെടാനായില്ല. കാട്ടിൽ വന്യമൃ​ഗശല്യം പേടിച്ച് പാറക്കെട്ടിലാണ് കഴിഞ്ഞത്‌’–- ബാബു പറഞ്ഞു. Read on deshabhimani.com

Related News