രാഷ്‌ട്രപതിക്ക്‌ കേരളത്തിന്റെ 
സ്‌നേഹസ്വീകരണം



തിരുവനന്തപുരം രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‌ സ്‌നേഹസ്വീകരണം നൽകി ‘ദൈവത്തിന്റെ സ്വന്തം നാട്‌’. തലസ്ഥാനത്ത്‌ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ പൗരാവലിയാണ്‌ ഹൃദ്യമായ വരവേൽപ്പിന്‌ നേതൃത്വം നൽകിയത്‌. പൗരപ്രമുഖരും നയതന്ത്രപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. സംസ്ഥാനത്തിന്റെ ഉപഹാരം രാഷ്‌ട്രപതിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. കുടുംബശ്രീയുടേത് മന്ത്രി എം ബി രാജേഷും തിരുവനന്തപുരം നഗരസഭയുടേത്‌ മേയർ ആര്യ രാജേന്ദ്രനും സമ്മാനിച്ചു. അഞ്ചുലക്ഷം സിഡിഎസ് അംഗങ്ങൾ ചേർന്ന്‌ കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന'യുടെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിച്ചു. ചുവട്, കുടുംബശ്രീ @25 പുസ്തകങ്ങൾ ഐടിവകുപ്പിന്റെ നേതൃത്വത്തിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡിപ്ലോമ, എൻജിനിയറിങ്‌ ടെക്‌നിക്കൽ ബുക്കുകളുടെ ആദ്യ പകർപ്പ്‌ എന്നിവ ഗവർണർ പ്രകാശനം ചെയ്‌തു. പകർപ്പ്‌ രാഷ്‌ട്രപതിക്ക്‌ സമ്മാനിച്ചു. ‘ഉന്നതി' പദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്‌തു. മന്ത്രി കെ രാധാകൃഷ്‌ണൻ, സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, വി കെ പ്രശാന്ത്‌ എംഎൽഎ, ചീഫ്‌ സെക്രട്ടറി വി പി ജോയ്‌, ഡിജിറ്റൽ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ്‌ എന്നിവർ പങ്കെടുത്തു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങിൽ രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് അമൃതാനന്ദമയീമഠം സന്ദർശിച്ചു. രാത്രിയിൽ ഗവർണർ സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തു. ശനിയാഴ്‌ച രാവിലെ എട്ടരയ്‌ക്ക് കന്യാകുമാരിക്ക്‌ പുറപ്പെടും. 11.25ന്‌ തിരുവനന്തപുരത്തേക്ക്‌ മടങ്ങിയെത്തും. പകൽ ഒന്നേകാലിന്‌ ലക്ഷദ്വീപിലേക്ക്‌ പോകും. Read on deshabhimani.com

Related News