കോവിഡ്‌ മൂന്നാംതരംഗ ഭീതി വേണ്ട: ഡോ. ടി ജേക്കബ്‌ ജോൺ

ഡോ. ടി ജേക്കബ്‌ ജോൺ (ഇടത്‌)


തിരുവനന്തപുരം > കൊറോണ വൈറസിന് പുതിയൊരു വകഭേദം സ്ഥിരീകരിക്കുന്നതുവരെ രാജ്യത്ത്‌ മൂന്നാംതരംഗ ഭീതി വേണ്ടെന്ന്‌ ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ്‌ ജോൺ. നിലവിൽ മൂന്നാംതരംഗം ഉണ്ടായെന്ന തരത്തിലുള്ള വാർത്തകളിൽ ആശങ്കപ്പെടേണ്ടതില്ല.  ഡെൽറ്റ വൈറസാണ്‌ ഇന്ത്യയിൽ രണ്ടാംതരംഗത്തിന്‌ കാരണമായത്‌. ഡെൽറ്റയെപ്പോലെയോ അതിൽ കൂടുതലോ ശേഷിയുള്ള വൈറസ്‌ വകഭേദം രൂപപ്പെട്ടാൽ മാത്രമാകും ഇനിയൊരു വ്യാപനം ഉണ്ടാകുക. ലോകാരോഗ്യ സംഘടന അടുത്തിടെ തിരിച്ചറിഞ്ഞ എംയു, സി 1.2 വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്ന്‌ ജീനോമിക്സ്‌ കൺസോർഷ്യവും (ഐഎൻഎസ്‌എസിഒജി) വ്യക്തമാക്കിയിട്ടുണ്ട്‌. പുതിയ വകഭേദം ഉണ്ടായോ എന്ന്‌ കണ്ടെത്തുകയാണ്‌ ഇനി വേണ്ടത്‌. ജനിതക വ്യതിയാനം അതിവേഗം കണ്ടെത്തി വ്യാപനം തടയുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേത് ദീർഘിച്ച രണ്ടാംതരംഗം സംസ്ഥാനത്ത്‌ നിലവിലുള്ളത്‌ ദീർഘിച്ച രണ്ടാംതരംഗം (എക്സ്‌റ്റെൻഡഡ്‌ സെക്കൻഡ്‌ വേവ്‌)- ആണെന്ന്‌ ഡോ. ജേക്കബ്‌ പറഞ്ഞു. കേരളത്തിൽ മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ താമസിച്ചാണ്‌ രണ്ടാംതരംഗം ഉണ്ടായത്‌. ഓണത്തിനുശേഷം മുപ്പതിനായിരത്തിലധികം പ്രതിദിന രോഗികളുണ്ടായി. ഇത്‌ പതിയെ കുറഞ്ഞു.  ദീർഘിച്ച രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെങ്കിലും രോഗികളിലെ കുറവ്‌ നല്ല സൂചനയാണ്‌. സംസ്ഥാനത്തിന്റെ ആരോഗ്യമേഖല മികച്ച നിലവാരം പുലർത്തിയതിനാലും രോഗനിരക്ക്‌ നേരിടാനായി- അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News