സ്നേഹചക്രത്തിൽ തെളിയുന്നു നിലാച്ചിരി; ഡോ. ഫാത്തിമയ്‌ക്ക്‌ ഫിറോസ്‌ മഹറായി നൽകിയത്‌ വീൽചെയർ



കോഴിക്കോട്‌ > പരിമിതികളെ തോൽപ്പിച്ച്‌ സ്വപ്നങ്ങളെ തേടിയ പാത്തുവിന്‌ ആഗ്രഹിച്ച സമ്മാനവുമായി കടലിനക്കരെ നിന്ന്‌ പുതുമാരനെത്തി. ചക്രക്കസേര മഹർ സമ്മാനിച്ച്‌  ഫിറുവും പാത്തുവും ഒന്നായി. പെണ്ണിന്‌ ‘പൊന്നിൻ വില’യിടുന്നതിനേക്കാൾ സുന്ദരമായി അവർ ചിരിക്കുന്നു. താമരശേരി സ്വദേശി ഡോ. ഫാത്തിമയും ലക്ഷദ്വീപുകാരൻ ഫിറോസ്‌ നെടിയത്തും ഞായറാഴ്‌ചയാണ്‌ വിവാഹിതരായത്‌. എല്ലുകൾക്ക്‌ ബലമില്ലാതെ പൊട്ടിപ്പോകുന്ന അസുഖമായ ‘ഓസ്റ്റിയോജനെസിസ്‌ ഇംപെർഫെക്റ്റ’ബാധിച്ച ഫാത്തിമയുടെ ജീവിതം എന്നും പരിമിതികളോട്‌ പൊരുതിയുള്ളതാണ്‌. സ്വപ്‌നത്തിലേയ്ക്കു‌ പറക്കാൻ ചിറകും ആഗ്രഹങ്ങൾക്കു‌ പിന്നാലെ പായാൻ കാലുമായിരുന്നു ചക്രക്കസേര.  കോട്ടയം ഹോമിയോ മെഡിക്കൽ കോളേജിൽ പഠനം പൂർത്തീകരിച്ചതോടെ ഒന്നിനും കൊള്ളില്ലെന്ന്‌ പരിഹസിച്ചവർക്കുള്ള മറുപടിയായി. ഹൗസ്‌ സർജൻസി ചെയ്യുന്നതിനിടെയാണ്‌ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന ഫിറോസിനെ പരിചയപ്പെട്ടത്‌. ആർട്ടിസ്റ്റായ ഫിറോസിനൊപ്പം അവൾ മോഹങ്ങളും കിനാവും  പങ്കുവച്ചു. വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയറാകണമെന്നായിരുന്നു പാത്തുവിന്റെ ആഗ്രഹം. ആഗ്രഹങ്ങൾ മനസ്സിലാക്കി ഫിറു എത്തിയതോടെ ആ സ്വപ്‌നവും സത്യമായി. മഹറായി വീൽചെയറോ എന്ന്‌ അത്ഭുതം പറഞ്ഞവരുണ്ട്‌. അവരോടുള്ള പാത്തുവിന്റെ മറുപടി ഇതാണ്‌ –-  ‘‘ചക്രക്കസേര സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളമാണ്‌ പലർക്കും. എനിക്കത്‌ കാലും ചിറകുമാണ്‌. അത്‌ മഹറായി തരുമ്പോൾ എന്നെ അംഗീകരിക്കുന്നതിന്‌ തുല്യമാണ്‌.’’ ഭിന്നശേഷി സൗഹൃദമല്ലാത്ത ചുറ്റുപാടിൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടെങ്കിലും കൈത്താങ്ങാവാൻ ഫിറുവുണ്ടല്ലോയെന്നും നിലാവുപോലെ ചിരിച്ച്‌ ഫാത്തിമ പറയുന്നു. Read on deshabhimani.com

Related News